കൊല്ലം: വനിതാ കമ്മീഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് തെറ്റായ അർഥത്തിലല്ല. തികഞ്ഞ ആത്മാർഥതയോടും സത്യസന്ധതയോടെയും ആണെന്ന് ജോസഫൈൻ പറയുന്നു.
‘പരാതിക്കാരിയോട് മോശമായി പെരുമാറിയെന്നത് ഞാൻ നിഷേധിക്കുന്നു. ഞങ്ങളും പച്ചമനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അസഹനീയമായ സംഭവം ഭർത്താവിൽ നിന്നോ മറ്റാരിൽ നിന്നോ ഉണ്ടായാലും എല്ലായിടത്തും ഓടിയെത്താൻ വനിതാ കമ്മീഷന് കഴിയില്ല. അതുകൊണ്ടാണ് ഞങ്ങൾ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടാൻ പറയുന്നത്. അത് എല്ലാവരോടും പറയുന്നതാണ്. എന്നാൽ ചിലർ യഥാവിധിയല്ല കാര്യങ്ങൾ മനസിലാക്കുന്നതും ഉൾക്കൊള്ളുന്നതും തിരിച്ചുപറയുന്നതും. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഉറച്ച ഭാഷയിൽ സംസാരിക്കേണ്ടി വരും’- ജോസഫൈൻ പറഞ്ഞു.
വനിതാ കമ്മീഷൻ ഉൾപ്പടെയുള്ള സംവിധാനങ്ങളെ മാത്രം കുറ്റപ്പെടുത്തി ഏതെങ്കിലും ഒരു വാക്കോ വാചകമോ അടർത്തിയെടുത്ത് അതിനെ മറ്റെന്തെങ്കിലും താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോവുകയല്ല വേണ്ടത്. സമൂഹമാണ് മാറേണ്ടതെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.
ഒരു സ്വകാര്യ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നതിനിടെ പരാതിപ്പെടാൻ വിളിച്ച യുവതിയോടുള്ള ജോസഫൈന്റെ പ്രതികരണം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്ന വിശദീകരണവുമായി ഇവർ രംഗത്തെത്തിയത്.
Also Read: ‘സ്ത്രീകളെ മനസിലാവാത്ത വനിത കമ്മീഷൻ അധ്യക്ഷയെ എന്തിന് സഹിക്കണം’; കെകെ രമ







































