കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തുടരുന്ന ലീഗ് എംഎൽഎ എംസി കമറുദ്ദീനെ ജില്ലാ ജയിലിലേക്ക് മാറ്റി. ഇസിജിയിൽ വ്യത്യാസം കണ്ടതിനെ തുടർന്ന് 5 ദിവസമായി പരിയാരം മെഡിക്കൽ കോളേജിൽ കഴിയുന്ന കമറുദ്ദീനെ ഇന്നലെ രാത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയത്. ആശുപത്രി മെഡിക്കൽ ബോർഡ് തീരുമാനത്തെ തുടർന്നാണ് ഡിസ്‌ചാർജ് ചെയ്‌തത്.
എംഎൽഎയുടെ ഹൃദ്രോഗത്തിന് അടിയന്തര ആൻജിയോപ്ളാസ്‌റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്‌ധർ അറിയിച്ചു. അതിനാൽ നിലവിലെ മരുന്ന് തുടർന്നാൽ മതിയെന്നും ഡോക്‌ടർമാർ പറഞ്ഞു.
അതേസമയം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി രണ്ടാഴ്‌ച പിന്നിട്ടിട്ടും കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നേരത്തെ പൂക്കോയ തങ്ങളെ പോലീസ് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌ത ദിവസവും ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതോടെയാണ് പൂക്കോയ തങ്ങൾ ഒളിവിൽ പോയതെന്നാണ് വിവരം.
Malabar News: കോഹിനൂരിലെ അപകട വളവ്; പൊളിച്ചുപണി ആരംഭിച്ചു






































