മുംബൈ: ബെൽജിയത്തിൽ അറസ്‌റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കാനുള്ള നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസികൾ. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഉദ്യോഗസ്‌ഥർ ബെജിയത്തിലേക്ക് പോകാനുള്ള നീക്കങ്ങൾ ആരംഭിച്ചു.
മെഹുല്‍ ചോക്‌സിയെ കൈമാറുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനും ബെൽജിയം സർക്കാരുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾക്കുമാണ് ഉദ്യോഗസ്‌ഥർ പോകുന്നത്. വ്യാജരേഖ നൽകി ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്‌പയെടുത്ത് തിരിച്ചടക്കാതെ രാജ്യംവിട്ട മെഹുല്‍ ചോക്‌സിയെ ശനിയാഴ്‌ചയാണ് ബെൽജിയം പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഏഴ് വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായിരുന്നു അറസ്‌റ്റ്. അതിനിടെ, അർബുദ രോഗബാധിതനാണെന്ന് ചൂണ്ടിക്കാട്ടി മുംബൈയിലെ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ ചോക്‌സി നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ചികിൽസാ ആവശ്യങ്ങൾക്കായി സ്വിറ്റ്സർലാൻഡിലേക്ക് പോകാനിരിക്കെയായിരുന്നു അറസ്‌റ്റ്.
ഇന്ത്യയിൽ 4,000 സ്‌റ്റോറുകളുള്ള റീട്ടെയിൽ ജ്വല്ലറി കമ്പനിയായ ഗീതാഞ്‌ജലി ഗ്രൂപ്പിന്റെ ഉടമയാണ് മെഹുല്‍ ചോക്‌സി. 2017ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട മെഹുല്‍ ചോക്‌സി വലിയ നിക്ഷേപം നടത്തുന്നവർക്ക് കരീബിയൻ ദ്വീപായ ആന്റിഗ്വയിലും ബാർബുഡയിലും ലഭിക്കുന്ന പൗരത്വം വഴിയാണ് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്.
ചോക്‌സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. ബെൽജിയത്തിലേക്കു താമസം മാറുന്നതിനു മുൻപ് ആന്റിഗ്വ ആൻഡ് ബാർബുഡയിലും ഇയാൾ താമസിച്ചിരുന്നു. മെഹുൽ ചോക്‌സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു. 2021ൽ രാജ്യത്ത് അനധികൃതമായി കടന്നുകയറിയെന്നു കാട്ടി ഡൊമിനിക്കൻ റിപ്പബ്‌ളിക് ചോക്‌സിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
51 ദിവസത്തിനുശേഷം ചോക്‌സിക്ക് ആന്റിഗ്വയിലേക്കു മടങ്ങാൻ അനുമതി ലഭിച്ചു. പിന്നീട് ചോക്‌സിക്കെതിരെ ഡൊമിനിക്കൻ റിപ്പബ്‌ളിക്കിലുള്ള കേസുകൾ പിൻവലിച്ചു. കേസിൽ സഹോദരീപുത്രൻ നീരവ് മോദിയും പ്രതിയാണ്. 2019ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ചോക്‌സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ








































