നീലേശ്വരം: മെമു സർവീസ് കാസർഗോഡ് ജില്ലയെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ നടത്തുന്ന ജനകീയ സമരത്തിന് തുടക്കമായി. നീലേശ്വരം അഴിത്തല കടപ്പുറത്ത് മെമുവിന്റെ മണൽ ശിൽപം ഒരുക്കിയാണ് പ്രതിഷേധം ആരംഭിച്ചത്.
യുവ ശിൽപി അനിൽ ലോട്ടസിന്റെ നേതൃത്വത്തിൽ അനൂപ് ലോട്ടസ്, അജിത്ത്, അനൂപ് പുളിക്കാൽ എന്നിവർ ചേർന്നാണ് മെമുവിന്റെ രൂപം മണ്ണിൽ തീർത്തത്. തുടർന്ന് പ്രതിഷേധ സംഗമം ചേർന്നു.
ജനകീയ കൂട്ടായ്മ പ്രസിഡണ്ട് നന്ദകുമാർ കോറോത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെവി സുനിൽരാജ്, എവി പത്മനാഭൻ, വാർഡ് കൗൺസിലർ പികെ ലത, ഷീജ ഇ നായർ, രജീഷ് കോറോത്ത്, ഷെറി ജോസഫ്, കെ വിദ്യ, കെവി പ്രിയേഷ് കുമാർ, സുരേഷ് പാലക്കീൽ, ടോംസൺ ടോം, കെ പ്രകാശൻ, എൽപി അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.
നീലേശ്വരം രാജാസ് എച്ച്എസ്എസ് 1987-88 എസ്എസ്എൽസി ബാച്ചിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹിക, സേവന, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയിലാണ് റെയിൽവേ വികസന ജനകീയ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഇവർ വിളിച്ചു ചേർത്ത ജനകീയ കൺവൻഷനിലാണ് ജനകീയ സമര പരിപാടികൾക്ക് രൂപം നൽകിയത്.
Also Read: അനുനയ ശ്രമങ്ങൾ ഫലം കണ്ടില്ല; അവസാന നിമിഷവും എലത്തൂരിൽ പ്രതിസന്ധി തുടരുന്നു






































