ആലപ്പുഴ: ആലപ്പുഴയിൽ അപൂർവ രോഗമായ അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം ബാധിച്ച 15-കാരൻ മരിച്ച സംഭവത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇത് തീർത്തും അത്യപൂർവമായ രോഗമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ആലപ്പുഴയിലെ വിദ്യാർഥിയുടെ കാര്യത്തിൽ സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായിപ്പോയെന്നും മന്ത്രി പ്രതികരിച്ചു.
ബ്രയിൻ ഈറ്റർ എന്നാണ് ഈ അമീബ അറിയപ്പെടുന്നത്. ഈ രോഗം ബാധിച്ചവരെല്ലാം തന്നെ മരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. അസുഖം ബാധിച്ചാൽ നൂറു ശതമാനമാണ് മരണനിരക്ക്. ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് ഈ അമീബ കണ്ടുവരുന്നത്. സാധാരണയായി എല്ലാ ജലാശയങ്ങളിലും ഇത് കാണാം. പക്ഷെ വളരെ വിരളമായിട്ടായിരിക്കുമെന്ന് മാത്രം. പതിനായിരക്കണക്കിന് ആളുകളിൽ ഒരാൾക്കാണ് ഇത് ബാധിക്കുകയെന്നും മന്ത്രി പറഞ്ഞു.
അമീബ മൂക്കിനുള്ളിലെ നേർത്ത തൊലിയിലൂടെ തലച്ചോറിലേക്ക് പ്രവേശിച്ചു തലച്ചോറിനെ വളരെ ഗുരുതരമായി ബാധിക്കുകയാണ് ചെയ്യുക. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മരിച്ച ഗുരുദത്തിന് കഴിഞ്ഞ 29 ആം തീയതിയാണ് പനി തുടങ്ങിയത്. ഈ മാസം ഒന്നാം തീയതി തലവേദനയും കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടു. ഇതേത്തുടർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.
പിന്നീട് പരസ്പര ബന്ധമില്ലാതെ പെരുമാറുകയും മറ്റു അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. പരിശോധിച്ചപ്പോൾ അടുത്തുള്ള കുളങ്ങളിലൊക്കെ കുട്ടി കുളിച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 2016ൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ശാരീരികമായ ചില പ്രത്യേകതകളും ഇത്തരമൊരു അമീബ പ്രവേശിക്കാൻ കരണമാകാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വെള്ളത്തിൽ ജീവിക്കുന്ന നെയ്ഗ്ളേറിയ ഫൗളറി എന്ന അമീബയാണ് ഈ അപൂർവ്വരോഗത്തിന് കാരണം. ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ളേറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിൽ എത്തി തലച്ചോറിൽ അണുബാധ ഉണ്ടാക്കുന്നതാണ് രോഗം മാരകമാക്കുന്നത്. മലിനമായ വെള്ളവുമായി സമ്പർക്കം പുലർത്തി ഒന്ന് മുതൽ രണ്ടു ആഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ ആരംഭിക്കും.
സാധാരണയായി നീന്തുമ്പോൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കാൻ നെയ്ഗ്ളേറിയ ഫൗളറി ആളുകളെ ബാധിക്കുന്നത്. അമീബ മൂക്കിലൂടെ തലച്ചോറിലേക്ക് എത്തുന്നു. അവിടെ അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന് വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകുന്നതിനാൽ അത് പൂർണമായും ഒഴിവാക്കുക.
Most Read: 16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്താക്കൾ; ഞെട്ടിച്ച് ത്രെഡ്സ് ആപ്






































