കോഴിക്കോട്: ബാലുശ്ശേരിയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. മിനി സിവില്‍ സ്‌റ്റേഷന്റെ നിര്‍മാണോൽഘാടനവും ശിലാ സ്‌ഥാപനവും പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. റവന്യു വകുപ്പിന്റെ ഉടമസ്‌ഥതയിലുള്ള പറമ്പിന്‍ മുകളിലെ സ്‌ഥലത്താണ് ആറ് നില കെട്ടിടം ഉയരുക.
ബാലുശ്ശേരിയില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ സ്‌ഥാപനങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം. 15 കോടി രൂപ ചിലവഴിച്ച് ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വില്ലേജ് ഓഫിസ്, സബ് രജിസ്‌ട്രാര്‍ ഓഫിസ്, സബ് ട്രഷറി, എംപ്ളോയ്‌മെന്റ് ഓഫിസ്, എക്‌സൈസ് ഓഫിസ്, എഇഒ ഓഫിസ്, ഹോമിയോ ഡിസ്‌പെന്‍സറി തുടങ്ങിയ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ ഇവിടേക്ക് മാറും.
പൊതുമരാമത്ത് വകുപ്പിന്റെ ആര്‍ക്കിടെക്ചര്‍ വിഭാഗവും ഡിസൈന്‍ വിഭാഗവും സംയുക്‌തമായാണ് കെട്ടിടം രൂപകല്‍പന ചെയ്‌തിരുക്കുന്നത്. പാര്‍ക്കിംഗ് ഏരിയ, കാന്റീന്‍, ലിഫ്റ്റ്, ഓരോ നിലയിലും ശുചിമുറികള്‍, കാത്തിരിപ്പ് സൗകര്യം എന്നിവ കെട്ടിടത്തില്‍ ഉണ്ടാവും.
റവന്യു മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎല്‍എ കെഎം സച്ചിന്‍ ദേവ്, മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി, ജില്ലാ കളക്‌ടർ എൻ തേജ് ലോഹിത് റെഡ്ഡി, തദ്ദേശ സ്‌ഥാപന അധ്യക്ഷൻമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Malabar News: സമസ്‌തയുമായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും