ന്യൂഡെൽഹി : രാജ്യത്തെ തൊഴിലാളികളുടെ മിനിമം വേതനം വർധിപ്പിച്ച് കേന്ദ്ര തൊഴിൽവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. കഴിഞ്ഞ ഏപ്രിൽ ഒന്നാം തീയതി മുതലാണ് ഉയർത്തിയ വേതനം പ്രാബല്യത്തിൽ വരുന്നത്. സർക്കാരിന്റെ പുതിയ തീരുമാനത്തിലൂടെ രാജ്യത്തെ 1.5 കോടി തൊഴിലാളികൾക്ക് ഗുണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തൊഴിലാളികൾക്ക് ഇത് ആശ്വാസമാകുമെന്നും കേന്ദ്രം വിലയിരുത്തി.
പ്രതിദിനം 105 രൂപ മുതൽ 210 രൂപ വരെ വേതനം വാങ്ങുന്ന തൊഴിലാളികൾക്കാണ് പുതിയ തീരുമാനത്തിലൂടെ ഗുണം ഉണ്ടാകുന്നത്. രാജ്യത്തെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഇത് ബാധകമാണ്. റെയിൽവേ, ഖനികൾ, എണ്ണപ്പാടങ്ങൾ, തുറമുഖങ്ങൾ തുടങ്ങി കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. കൂടാതെ കരാർ തൊഴിലാളികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി.
വേതനം ഉയർത്തുന്നതിലൂടെ മാസത്തിൽ 2000 രൂപ മുതൽ 5000 രൂപ വരെ വർധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഖനികളിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 431 രൂപ മുതൽ 840 രൂപ വരെ വർധന ഉണ്ടാകും. നിര്‍മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവർക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് വ്യക്തമാക്കി.
Read also : സാനിറ്റൈസേഷന്‍ ഡ്രോൺ; മാതൃകയായി തൃശൂർ കോർപറേഷൻ







































