തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ ആരംഭിക്കാനിരിക്കുന്ന പണിമുടക്കിൽ നിന്നും കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പിൻമാറണമെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൊഴിലാളികൾ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനയാണെന്നും, അതിനാൽ തന്നെ അതിനെ കുറിച്ച് കൂടുതൽ പരിശോധന നടത്താൻ സമയം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ പണിമുടക്കിൽ നിന്നും പിൻമാറണമെന്ന മന്ത്രിയുടെ ആവശ്യം തൊഴിലാളി യൂണിയനുകൾ തള്ളി. സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് തൊഴിലാളികൾ. കെഎസ്ആർടിസി തൊഴിലാളികൾ ഇപ്പോഴും ജോലി ചെയ്യുന്നത് 10 വർഷം മുൻപുള്ള ശമ്പള സ്കെയിലിലാണ്. തുടർന്ന് ശമ്പള വർധന പരിശോധിക്കാൻ ഇതുവരെ 8 മാസത്തെ സമയം നൽകിയെന്നും, എന്നാൽ നടപടി ഉണ്ടായില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി. അതിനാൽ തന്നെ സർക്കാർ നിർബന്ധപൂർവം തങ്ങളെ സമരത്തിലേക്ക് തള്ളി വിടുന്നതാണെന്നും തൊഴിലാളി യൂണിയനുകൾ കൂട്ടിച്ചേർത്തു.
ഇന്ന് അർധരാത്രി മുതൽ ആരംഭിക്കുന്ന പണിമുടക്ക് ശനിയാഴ്ച അർധരാത്രി വരെയാണ് നീളുന്നത്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ആവശ്യത്തിൽ ചർച്ചകൾ നടത്താൻ സർക്കാർ സമയം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് തൊഴിലാളി യൂണിയനുകൾ സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
Read also: ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ; ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്







































