തിരുവനന്തപുരം: കെഎസ്ആർടിസിയെ അവശ്യ സർവീസായി പ്രഖ്യാപിക്കുന്ന കാര്യം സംസ്‌ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി യൂണിയനുകൾ 48 മണിക്കൂർ പണിമുടക്ക് നടത്തുന്ന സാഹചര്യത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ യൂണിയനുകളുടെ സമരത്തെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർവീസുകൾ നടത്താതിരുന്നപ്പോഴും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മുടങ്ങാതെ നൽകിയ സർക്കാരിനെതിരെയാണ് ഇപ്പോൾ യൂണിയനുകൾ സമരം ചെയ്യുന്നതെന്ന് മന്ത്രി വ്യക്‌തമാക്കി. മാസശമ്പളം ലഭിക്കാത്ത വലിയ വിഭാഗം ജനങ്ങള്‍ കഷ്‌ടപ്പെടുമ്പോഴാണ് ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നും മന്ത്രി ആരോപണം ഉന്നയിച്ചു.
ഇടത് അനുകൂല യൂണിയനും ബിഎംഎസും കോണ്‍ഗ്രസ് അനുകൂല യൂണിയനുമാണ് ഇന്നലെ അർധരാത്രി മുതൽ പണിമുടക്ക് ആരംഭിച്ചത്. കഴിഞ്ഞ 9 വർഷമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌കരണം നടത്തിയിട്ടില്ലെന്നാണ് യൂണിയനുകൾ വ്യക്‌തമാക്കുന്നത്. ഇത് സംബന്ധിച്ച് മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാൻ യൂണിയനുകൾ തീരുമാനിച്ചത്.
Read also: ബത്തേരി കോഴ കേസ്; സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു







































