ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. ഇദ്ദേഹത്തിന്റെ ഭാര്യ നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിയെ ഇഡിക്ക് താൽപര്യമുള്ള ഡോക്ടർമാരെ കൊണ്ട് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. നിലവിൽ മൂന്ന് ഹൃദയധമനികളിൽ തടസം സ്ഥിരീകരിച്ചതിനാൽ അടിയന്തിര ബൈപ്പാസ് ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെട്ടതിനെ തുടർന്ന് ബാലാജി ചെന്നൈ ഒമന്തുരാർ ഗവ. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.
മജിസ്ട്രേറ്റ് ആശുപത്രിയിൽ എത്തിയാണ് മന്ത്രിയെ 28 വരെ റിമാൻഡ് ചെയ്തത്. ജയലളിത മന്ത്രിയായിരിക്കെ ഗതാഗത വകുപ്പിലെ ജോലികൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. അതിനിടെ, മന്ത്രിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു ബിജെപിക്കെതിരെ ആഞ്ഞടിച്ചു തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. ധൈര്യം ഉണ്ടെങ്കിൽ ബിജെപി നേർക്കുനേർ വരണമെന്ന് സ്റ്റാലിൻ വെല്ലുവിളിച്ചു.
Most Read: സ്ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദനെതിരായ നടപടികൾ സ്റ്റേ ചെയ്ത് കോടതി







































