ന്യൂ ഡെല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഓഡനന്‍സ് ഫാക്‌ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‍നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ആയുധങ്ങള്‍ ഗുണനിലവാരം ഇല്ലെന്നും ഇതുമൂലം 960 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്‌ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതര പ്രശ്‍നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും സൈന്യം ചൂണ്ടിക്കാണിക്കുന്നു.
2014 മുതല്‍ 27 സൈനികര്‍ കൊല്ലപ്പെട്ടതിന് കാരണം ഗുണനിലവാരമില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 159 പേര്‍ക്ക് അപകടങ്ങളില്‍ ഗുരുതര പരിക്കേറ്റു. അംഗവൈകല്യം സംഭവിച്ചവരും വിരലുകള്‍ അറ്റുപോയവരും ഇക്കൂട്ടത്തില്‍ ഉണ്ട്. ആഴ്‌ചയില്‍ ഒരു അപകടമെങ്കിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സൈന്യത്തിന്റെ ഭാഗത്ത് നിന്നുതന്നെ പ്രതിരോധ മന്ത്രാലയത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
Read also: മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍