ന്യൂഡെൽഹി: പാക്ക് അധീന കശ്‌മീർ ഇന്ത്യക്ക് തിരികെ നൽകണമെന്ന സുപ്രധാന നിലപാടുമായി ഇന്ത്യ. കശ്‌മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക്ക് അധീന കശ്‌മീർ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. കശ്‌മീർ വിഷയത്തിൽ മൂന്നാംകക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
ജമ്മു കശ്‌മീരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ദീർഘകാലമായി ഇന്ത്യക്കുള്ളത്. ആ നയത്തിൽ മാറ്റമുണ്ടാകില്ല. പാക്കിസ്‌ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം വിട്ടുതരിക എന്നതാണ് ഇപ്പോഴുള്ള പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ വെടിനിർത്തലിൽ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും രൺധീർ ജയ്സ്വാൾ വ്യക്‌തമാക്കി. വെടിനിർത്തലിനുള്ള ആവശ്യമുന്നയിച്ചത് പാക്കിസ്‌ഥാനാണ്. ചർച്ച നടന്നത് ഡിജിഎംഒ തലത്തിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേനയുടെ കരുത്താണ് പാക്കിസ്‌ഥാനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത്. വെടിനിർത്തൽ ധാരണയിൽ മൂന്നാമതൊരു കക്ഷിയുടെ മധ്യസ്‌ഥത ഉണ്ടായിട്ടില്ലെന്നും വിദേശകാര്യ വക്‌താവ് വ്യക്‌തമാക്കി. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാക്കിസ്‌ഥാനെ അറിയിച്ചിട്ടുണ്ടാകും. എന്നാൽ, ആരും മധ്യസ്‌ഥ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്നുള്ള സൈനിക നടപടികളുടെയും സാഹചര്യത്തിൽ ഇന്ത്യയുടേയും അമേരിക്കയുടെയും നേതാക്കൾ തമ്മിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളിൽ ഒന്നിലും വ്യാപാര വിഷയം ഉയർന്നുവന്നിരുന്നില്ല. പാക്കിസ്‌ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്നിടത്തോളം സിന്ധൂനദീജല കരാർ മരവിപ്പിച്ചത് തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‌താവനയ്‌ക്കും വിദേശകാര്യ വക്‌താവ് വാർത്താസമ്മേളനത്തിൽ മറുപടി നൽകി. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള സൈനിക നടപടി തീർത്തും മാന്യമായ രീതിയിലായിരുന്നു. ആണവായുധവുമായി ബന്ധപ്പെട്ട കാര്യം പൊതുയിടത്തിൽ പാക്ക് മന്ത്രി തന്നെ നിഷേധിച്ചിട്ടുണ്ട്. ആണവ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിർത്തി കടന്നുള്ള ഭീകരത അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് ഇന്ത്യയുടേത്. അത്തരം സാഹചര്യം അവരുടെതന്നെ പ്രദേശങ്ങൾക്ക് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ