ന്യൂഡെൽഹി: പശ്‌ചിമേഷ്യയിൽ യുദ്ധഭീതി വർധിച്ചതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യക്കാർ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. എല്ലാവരും സംയമനം പാലിക്കണം. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്രയേൽ വ്യക്‌തമാക്കി. തിരിച്ചടിയുണ്ടായാൽ ചെറുക്കുമെന്ന് ഇറാനും മറുപടി നൽകി. ഇതിനിടെ, യുഎൻ രക്ഷാസമിതിയുടെ അടിയന്തിര യോഗം ഇന്ന് നടക്കും. അതിനിടെ, ഇസ്രയേലിലെ ടെൽ അവീവിന് സമീപം ജാഫയിലുണ്ടായ വെടിവെപ്പിൽ മരണം ഏഴായി. പത്തുപേർ ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്.
ഇസ്രയേലിനെ ലക്ഷ്യംവെച്ചു ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഒന്ന് പതിച്ചത് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്‌ഥാനത്തിന് സമീപമെന്നാണ് റിപ്പോർട്ടുകൾ. ടെൽ അവീവിലെ ആസ്‌ഥാനത്തിന് സമീപം ഒരു വൻ ഗർത്തം രൂപപ്പെട്ടു. ഇന്നലെയാണ് ഇറാൻ ഇസ്രയേലിന് നേരെ 180 ബാലിസ്‌റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്