മക്ക: നിലവില്‍ സൗദിയിലേക്ക് വരാന്‍ തടസങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് ഉംറ വിസ നല്‍കുമെന്ന് ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്ട്രോണിക് ഉംറ പോര്‍ട്ടല്‍ വഴിയാണ് വിസാ നടപടിക്രമങ്ങള്‍ നടത്തേണ്ടത്.
വിസയ്ക്ക് അപേക്ഷിക്കാനായി ഇലക്ട്രോണിക് പോര്‍ട്ടലില്‍ പ്രവേശിച്ച ശേഷം, ഹജ്ജ്- ഉംറ മന്ത്രാലയം അംഗീകരിച്ച അപേക്ഷകന്റെ രാജ്യത്തെ ടൂറിസം കമ്പനികളില്‍ നിന്നോ ഏജന്‍സികളില്‍ നിന്നോ ഏതെങ്കിലുമൊരു സ്ഥാപനം തിരഞ്ഞെടുക്കണം.
അതിനുശേഷം തീര്ഥാടകനാവശ്യമായ ഉംറ പാക്കേജുകള്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന് അടിസ്ഥാന സേവനങ്ങള്‍ക്കും, താമസ- ഗതാഗത സൗകര്യങ്ങള്‍ക്കും ആവശ്യമായ തുക അടക്കണം.
കൂടാതെ യാത്രയ്ക്ക് മുമ്പ് ഓണ്‍ലൈന്‍ ഉംറ വിസ ലഭിക്കാൻ റിട്ടേണ്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് രേഖ, സൗദിയില്‍ അംഗീകരിച്ച കോവിഡ് വാക്സിന് സ്വീകരിച്ചതിന്റെ രേഖ, ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുന്നബവി സന്ദര്‍ശിക്കുന്നതിനുമായി നിശ്ചിത തീയതിയും സമയവും ബുക്ക് ചെയ്യല്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
Most Read: വധഭീഷണി കേസ്; ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി







































