പാലക്കാട്: ജില്ലയിൽ മിസ്ക് രോഗലക്ഷണങ്ങളോടെ രണ്ടു കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡുമായി ബന്ധപെട്ട് കുട്ടികളിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് മിസ്ക് (മൾട്ടി സിസ്റ്റം ഇൻഫ്ളമേറ്ററി). പട്ടാമ്പിയിലുള്ള എട്ടു വയസുകാരനെയും കടമ്പഴിപ്പുറത്തുള്ള 11 വയസുകാരനെയുമാണ് രോഗലക്ഷങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാളുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കുട്ടി ഇപ്പോൾ ഓക്സിജൻ ചികിൽസയിലാണ്. കുട്ടിക്ക് 28 ആണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുന്നത്. തുടർന്ന് പനി കുറയാത്തതിനാൽ നടത്തിയ പരിശോധനയിലാണ് മിസ്ക് സൂചന ലഭിച്ചത്. കുട്ടിക്ക് നേരത്തെ കോവിഡ് വന്നിരിക്കാമെന്നാണ് മെഡിക്കൽ വിഭാഗം നൽകുന്ന വിവരം. അതേസമയം, രണ്ട് മേഖലയിൽ തൊട്ടടുത്ത ദിവസങ്ങളിലായി രോഗം റിപ്പോർട് ചെയ്യുന്നത് അതീവ ഗൗരവമായാണ് കാണുന്നതെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ രോഗം കണ്ടെത്തിയില്ലെങ്കിൽ സ്ഥിതി ഗരുതരമാവും. ഇത് പ്രതിരോധവ്യൂഹത്തെ ഗുരുതരമായി ബാധിക്കും. 50 ശതമാനം പേരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കും. രോഗം കൂടുതലായാൽ ചെറുകുടൽ, ശ്വാസകോശം, വൃക്ക, ത്വക്ക് എന്നിവയെയും ബാധിക്കുമെന്നാണ് നിഗമനം. രണ്ടു മുതൽ പത്തു വയസിന് ഇടയിലുള്ള കുട്ടികൾക്കാണ് രോഗം വരാൻ സാധ്യത ഉള്ളത്. കുട്ടികളിൽ രോഗം വരാതിരിക്കാൻ അതീവ ശ്രദ്ധപുലർത്തണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
Read Also: കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ്പ; സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി







































