ന്യൂഡെൽഹി: ഇന്ത്യൻ നിർമിത മിസൈൽ അബദ്ധത്തിൽ പാകിസ്‌ഥാനിൽ പതിച്ച സംഭവത്തിൽ പാകിസ്‌ഥാൻ തിരിച്ചടിക്കാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്. മാർച്ച് ഒൻപതിന് ഒരു മിസൈൽ അബദ്ധത്തിൽ വിക്ഷേപിക്കപ്പെടുകയും അത് പാകിസ്‌ഥാനിൽ ചെന്ന് പതിക്കുകയും ചെയ്‌തിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാർലമെന്റിൽ വിശദീകരിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാകിസ്‌ഥാൻ ഒരുങ്ങിയിരുന്നു എന്ന റിപ്പോർട് പുറത്തുവന്നത്.
സമാനമായ മിസൈൽ ഇന്ത്യയിലേക്ക് വിക്ഷേപിക്കാനായിരുന്നു പാക് പദ്ധതിയെന്ന് വാർത്താ ഏജൻസിയായ ബ്‌ളൂംബർഗ് റിപ്പോർട് ചെയ്‌തു. പ്രാഥമിക തയ്യാറെടുപ്പുകൾക്കിടെ എന്തോ തകരാർ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പാകിസ്‌ഥാൻ ഈ നീക്കം ഉപേക്ഷിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 9ന് പഞ്ചാബിലെ അംബാലയിൽ നിന്നാണ് ഇന്ത്യൻ വ്യോമസേന അബദ്ധത്തിൽ ബ്രഹ്‌മോസ് മധ്യദൂര ക്രൂയിസ് മിസൈൽ വിക്ഷേപിച്ചത്. പാകിസ്‌ഥാനിൽ ചെന്ന് പതിച്ച മിസൈൽ ചില വീടുകൾക്ക് കേടുപാടുകൾ വരുത്തിയെങ്കിലും ആളപായം ഒന്നും ഉണ്ടാകാതിരുന്നത് ആശ്വാസമായി.
സംഭവത്തിൽ പാകിസ്‌ഥാൻ ഉന്നതതല കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യ ഖേദപ്രകടനം നടത്തിയെങ്കിലും ഇത് തൃപ്‌തികരമല്ലെന്നാണ് പാകിസ്‌ഥാന്റെ നിലപാട്. തുടർന്നാണ് ഉന്നതതല കോടതി അന്വേഷണത്തിന് പാകിസ്‌ഥാൻ ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ സംയുക്‌ത അന്വേഷണം വേണമെന്നും പാകിസ്‌ഥാൻ ആവശ്യപ്പെട്ടിരുന്നു.
Most Read: മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി; സംപ്രേഷണം തുടരും







































