കോട്ടയം: ഉരുൾപൊട്ടൽ ദുരിതം വിതച്ച കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ മരിച്ച പത്ത് പേരുടെയും ഒഴുക്കിൽപെട്ട് മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഇന്ന് കൂട്ടിക്കലിൽ നിന്ന് കണ്ടെടുത്തത്. കാവാലി ഒട്ടലാങ്കൽ മാർട്ടിൻ മക്കളായ സ്നേഹ, സാന്ദ്ര പ്ളാപ്പള്ളിയിൽ മുണ്ടകശ്ശേരി റോഷ്നി, സരസമ്മ മോഹനൻ, സോണിയ, മകൻ അലൻ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഒഴുക്കിൽപെട്ടാണ് ഓലിക്കൽ ഷാലറ്റ്, കൂവപ്പള്ളിയിൽ രാജമ്മ എന്നിവർ മരിച്ചത്. മാർട്ടിന്റെ ഭാര്യ, അമ്മ, മകൾ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു.
കാണാതായ എല്ലാവരെയും കണ്ടെത്തിയതോടെ കൂട്ടിക്കലിൽ തിരച്ചിൽ അവസാനിപ്പിച്ചു. അതേസമയം, കൊക്കയാറിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കൊക്കയാറിലാണ് തിരച്ചിൽ ഏറ്റവും ദുഷ്കരമായിട്ടുള്ളത്. ഉരുൾപൊട്ടി നേരെ പുഴയിലേക്ക് കുത്തിയൊലിക്കുകയായിരുന്നു. അപകട സ്ഥലത്ത് അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മരങ്ങളും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.
റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ദുരന്തമേഖലകൾ സന്ദർശിച്ച് രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി വിലയിരുത്തി.
Also Read: കനത്ത മഴ; സംസ്ഥാനത്തിന് സഹായം എത്തിക്കുമെന്ന് കേന്ദ്രം








































