കണ്ണൂർ: പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്‌ക്കൊപ്പം കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്ക് ഇടയിൽ നിന്നാണ് ഇന്ന് വൈകീട്ട് മൂന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അടുത്തില വയലപ്ര സ്വദേശി എംവി റീമയുടെ (30) മകൻ കൃശിവ് രാജിന്റെ (കണ്ണൻ) മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്‌ച അർധരാത്രിയാണ് റീമ മകനെയും കൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്‌ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്‌കാരം നടത്തി. ഇന്നലെ പുഴയിൽ ക്യാമറ ഉൾപ്പടെ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും കൃശിവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. റീമ ഭർതൃവീട്ടുകാരുമായി അകന്ന് സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.
ശനിയാഴ്‌ച മാതാപിതാക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാൻ പോയ ശേഷം രാത്രി 12.30ഓടെ മകനെയും എടുത്ത് സ്‌കൂട്ടറിലാണ് റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്. പാലത്തിലൂടെ കുട്ടിയുമായി നടക്കുന്നതുകണ്ട പ്രദേശവാസി കാര്യം തിരക്കാൻ എത്തുമ്പോഴേക്കും കുഞ്ഞുമായി റീമ പുഴയിൽ ചാടുകയായിരുന്നു.
2015ൽ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവർഷം മാർച്ചിൽ കണ്ണപുരം പോലീസിൽ റീമ ഗാർഹിക പീഡന പരാതി നൽകിയിരുന്നു. റീമയുടെ ആത്‍മഹത്യാ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭർത്താവ് കമൽരാജിന്റെയും മാതാവിന്റെയും പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പിൽ ഉള്ളതായാണ് സൂചന.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!