തിരുവനന്തപുരം: വീട്ടിലേക്ക് പോകേണ്ടെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്ന് അസം സ്വദേശിനിയായ 13 വയസുകാരി. വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ കുട്ടിയെ ഞായറാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് എത്തിച്ചത്. ഇന്നലെ പൂജപ്പുര ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ളുസി) സിറ്റിങ്ങിൽ ഹാജരായി.
അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വിട്ടു നിൽക്കുന്നതിൽ സങ്കടം ഉണ്ടെങ്കിലും വീട്ടിലേക്ക് പോകേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു പെൺകുട്ടി. കേരളത്തിൽ തന്നെ നിൽക്കണമെന്നും പഠിക്കണമെന്നും പെൺകുട്ടി പറഞ്ഞു. ഇതോടെ പത്ത് ദിവസം സിഡബ്ളുസിയുടെ ബാലികാ സദനത്തിൽ പാർപ്പിച്ച് കുട്ടിക്ക് കൗൺസലിങ് നൽകാനാണ് തീരുമാനം. രക്ഷിതാക്കൾക്കും കൗൺസലിങ് നൽകും.
തുടർന്ന് കുട്ടിയുടെ മനസ് മാറുന്നെങ്കിൽ രക്ഷിതാക്കൾക്കൊപ്പം വിടും. നിലവിലെ നിലപാട് തുടരുകയാണെങ്കിൽ സർക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സിഡബ്ളുസി ജില്ലാ ചെയർപേഴ്‌സൻ ഷാനിബാ ബീഗം പറഞ്ഞു. മകൾ വീട്ടിലേക്ക് വരാത്തതിൽ അച്ഛന് വിഷമമുണ്ട്. എന്നാൽ, സിഡബ്ളുസിയുടെ സംരക്ഷണയിൽ കഴിയുന്നതിൽ അമ്മയ്‌ക്ക് എതിർപ്പില്ല.
കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. മൂന്ന് സംസ്‌ഥാനങ്ങളിലൂടെ 37 മണിക്കൂർ കൊണ്ട് 1650 കിലോമീറ്റർ ദൂരം സഞ്ചരിച്ച കുട്ടിയെ മലയാളി സമാജം പ്രവർത്തകരാണ് പിറ്റേന്ന് വൈകിട്ട് വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയത്.
‘ഇളയ കുട്ടികളുമായി വഴക്കുണ്ടാകുമ്പോൾ എല്ലാം അമ്മ അടിച്ചു. അതിൽ വിഷമം ഉണ്ടായിരുന്നു. അസമിലേക്ക് പോകണമെന്നായിരുന്നു തോന്നൽ. ആരോടും വഴി ചോദിച്ചില്ല. സ്‌ഥലമൊന്നും അറിയില്ലെങ്കിലും ഒട്ടും പേടി ഇല്ലായിരുന്നു. അമ്മയുടെ ബാഗിൽ നിന്ന് 150 രൂപ എടുത്ത് കഴക്കൂട്ടത്ത് നിന്ന് ബസിൽ കയറി. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ആദ്യം കണ്ട ട്രെയിനിൽ കയറി.
ട്രെയിനിൽ ഒരു സ്‌ത്രീ ബിരിയാണി വാങ്ങിത്തന്നു. ആരും ഒന്നും ചോദിച്ചില്ല. ആരോടും സംസാരിച്ചുമില്ല. ശുചിമുറിയിൽ പോകുമ്പോൾ രണ്ടു ആൺകുട്ടികൾ ഫോട്ടോ എടുത്തു. എടുക്കരുതെന്ന് പറഞ്ഞപ്പോൾ അവർ പിന്തിരിഞ്ഞു. കന്യാകുമാരിയിൽ വെച്ച് ട്രെയിൻ മാറിക്കയറി. അറിയാതെ ഉറങ്ങിപ്പോയി. വിശാഖപട്ടണത്ത് എത്തിയപ്പോഴാണ് ഉണർന്നത്’- പെൺകുട്ടി പറഞ്ഞതായി ഷാനിബാ ബീഗം വ്യക്‌തമാക്കി.
Most Read| ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം, അമ്മയ്‌ക്ക് വീഴ്‌ച സംഭവിച്ചു; പൃഥ്‌വിരാജ്