ബെംഗളൂരു: കർണാടകയിലെ വ്യൂ പോയിന്റിൽ കാണാതായ പാലക്കാട് സ്വദേശിനിയായ പത്താം ക്ളാസ് വിദ്യാർഥിനി ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ചിക്കമംഗളൂരു മണിക്കാധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണ് ശ്രീനന്ദയെ കാണാതായത്.
വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും ഇന്നലെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ബാബാബുഡാൻ കുന്നിലെ 300 അടി താഴ്‌ചയിൽ വരെ തെൽമൽ ഡ്രോൺ ഉപയോഗിച്ചും ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
കടമ്പഴിപ്പുറം സ്വദേശി രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ആണ് കാണാതായത്. കുടുംബാംഗങ്ങൾ ഉൾപ്പടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രക്ക് എത്തിയതായിരുന്നു ശ്രീനന്ദ. ചൊവ്വാഴ്‌ച വൈകീട്ട് 5.30നാണ് ശ്രീനന്ദയെ കാണാതായത്. 5.20 വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു.
ചൊവ്വാഴ്‌ച വൈകീട്ട് മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പടെ 15 പേർ അന്വേഷണ സംഘത്തെ സഹായിക്കാൻ സ്‌ഥലത്ത് തുടരുന്നുണ്ട്.
ചിക്കമംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ എൻഎം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാർ ദയാമ എന്നിവർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ദുരണനിവാരണ സേന, വനംജീവനക്കാർ, പോലീസ്, അഗ്‌നിരക്ഷാ സേനാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.
ഇതിനിടെ, മകളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ച് തരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കൾ ചിക്കമംഗളൂരു നോർത്ത് പോലീസിൽ ഇന്നലെ പരാതി നൽകിയിട്ടുണ്ട്.
Most Read| സംസ്‌ഥാനത്ത് കനത്ത പോളിങ്; വിജയ പ്രതീക്ഷയിൽ മുന്നണികൾ








































