പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് വിദ്യാർഥികൾക്കായുള്ള തിരച്ചിൽ ഊർജിതം. അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. കുട്ടികൾ ഗോപാലപുരം ചെക്ക്പോസ്റ്റ് വഴി അതിർത്തി കടന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പൊള്ളാച്ചി, വാൾപ്പാറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം, കുട്ടികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി വിവരമുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെഎം ദേവസ്യ, സിഐ റിയാസ് ചാക്കീരി, എസ്ഐ എംആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ഇരട്ടകളായ പെൺകുട്ടികളെ കാണാനില്ലെന്ന് രക്ഷിതാവ് ആലത്തൂർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് ആൺകുട്ടികൾ കൂടി ഇവർക്കൊപ്പം ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന്, ബുധനാഴ്ച ഇവർ പാലക്കാട് നഗരത്തിലൂടെ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കൂട്ടത്തിൽ ഒരാളുടെ കൈയിൽ മാത്രമാണ് മൊബൈൽ ഫോണുള്ളത്. എന്നാൽ, കാണാതായ അന്ന് വൈകിട്ട് മുതൽ ഫോൺ സ്വിച്ച് ഓഫാണ്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ഡിവൈഎസ്പി പറഞ്ഞു.
Most Read: ഇന്ധന നികുതിയിൽ ഇളവിന് നിർബന്ധിക്കരുത്; കോൺഗ്രസ് മുഖ്യമന്ത്രിമാർ






































