മിഷൻ സി ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടിയിൽ എത്തുമെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ. കോവിഡ് കാലത്ത് ചിത്രീകരണം തീർത്ത്, തിയേറ്ററിൽ റിലീസ് ചെയ്‌ത സിനിമ മികച്ച അഭിപ്രായം നേടിയ ആക്ഷൻ ത്രില്ലറാണ്. വിജയത്തിലേക്ക് കുതിക്കുമായിരുന്ന മിഷൻ സി 10ൽ 8.1 IMDB റേറ്റിംഗ് ഉണ്ടായിട്ടും തിയേറ്റർ വിതരണത്തിലുണ്ടായ ചില ആശയകുഴപ്പങ്ങൾ കാരണം പിൻവലിക്കേണ്ടി വന്ന സിനിമയാണ്.
ഈ സിനിമയാണിപ്പോൾ ഫെബ്രുവരി 3ന് നീസ്ട്രീം ഒടിടി വഴി ആസ്വാദകരിലേക്ക് എത്തുന്നത്. ‘ഓടിക്കൊണ്ടിരിക്കുന്ന ബസ് ഹൈജാക്ക് ചെയ്യുന്നതും, പോലീസ് ചെയ്‌സിംഗും, തുടർന്നുള്ള കമൻഡോ ഓപ്പറേഷനും കൊണ്ട് ഓരോ നിമിഷവും പ്രേക്ഷകനെ എൻഗേജ് ചെയ്യിപ്പിക്കുന്ന ഒരു അടിപൊളി ത്രില്ലർ സിനിമയാണ് മിഷൻ സി. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സിനിമ വരുന്നത്‘. – സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.
അപ്പാനി ശരത്, കൈലാഷ്, മേജര്‍ രവി, ജയകൃഷ്‌ണൻ, ഋഷി തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന സിനിമയിൽ മീനാക്ഷി ദിനേശാണ് നായിക. സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. അടുത്തകാലത്ത് ഇറങ്ങിയ ത്രില്ലർ ചിത്രങ്ങളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിഷൻ സി. സിനിമയുടെ ഹിന്ദി അവകാശം റിലീസിന് മുൻപ് തന്നെ വിൽപനനടത്തി ചരിത്രം കുറിച്ച സിനിമകൂടിയാണ് മിഷൻ സി.
മനോരമ മ്യൂസിക്‌സ് റിലീസ് ചെയ്‌ത മിഷൻ സിയിലെ ഒരുഗാനം മാത്രം 13 ലക്ഷത്തോളം ആളുകളാണ് ആസ്വദിച്ചത്. മനോരമ മ്യൂസിക്‌സ് തന്നെയാണ് മിഷൻ സിയുടെ ട്രെയ്‌ലറും റിലീസ് ചെയ്‌തത്. വിവിധ സോഴ്‌സുകളിലായി 2 മില്യണിലധികം പ്രേക്ഷകരാണ് ഈ സിനിമയുടെ ട്രെയ്‌ലർ കണ്ടത്. വിനോദ് ഗുരുവായൂർ തന്നെയാണ് സിനിമയുടെ തിരക്കഥയും, സംഭാഷണവും എഴുതിയിരിക്കുന്നതും. ഗാനം ഇവിടെ ആസ്വദിക്കാം:
‘മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാസ്‌റ്റർ ക്രാഫ്‌റ്റ്മാൻ ജോഷി അഭിനന്ദിച്ച സിനിമയാണ് മിഷൻ സി. കോവിഡ് പ്രതിസന്ധിക്കിടയിൽ ഏറ്റവും ചുരുങ്ങിയ ബഡ്‌ജറ്റിൽ തീർത്ത ഒരു റോഡ് ത്രില്ലർ സിനിമയാണെങ്കിലും ആ പോരായ്‌മകൾ ഒട്ടും ഫീൽ ചെയ്യാതെ പൂർത്തീകരിക്കാൻ കഴിഞ്ഞ സിനിമ കൂടിയാണിത്. അത് സിനിമ കാണുന്ന പ്രേക്ഷകർക്ക് മനസിലാക്കാൻ കഴിയും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.‘ – സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു. മിഷൻ സിയുടെ ത്രില്ലർ ട്രെയ്‌ലർ ഇവിടെ കാണാം:
Most Read: ശ്വാസകോശത്തിൽ പയറുചെടി വളർന്നെന്നോ? 75കാരന്റെ കഥ ഇങ്ങനെ