കൊച്ചി: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. പ്രസിഡണ്ട് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവെച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
ലൈംഗികാരോപണങ്ങളെ തുടർന്ന് സംവിധായകൻ രഞ്‌ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്‌ഥാനവും നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്‌ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്ത് ഉയർത്തിയ പീഡന ആരോപണത്തെ തുടർന്നായിരുന്നു സിദ്ദിഖിന്റെ രാജി. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയിൽ രഞ്‌ജിത്തും രാജിവെച്ചു. പിന്നാലെ, അമ്മ ജോയിന്റ് സെക്രട്ടറി ബാബുരാജിന് നേർക്കും ലൈംഗികാരോപണം ഉയർന്നതോടെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ കടന്നുപോയത്.
വിഷയത്തിൽ പരസ്യ പ്രതികരണവുമായി നടൻ ജഗദീഷ് അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയത് അമ്മയിൽ ഭിന്നത മറനീക്കി പുറത്തുവന്നതിന് ഉദാഹരണമായി. ജയൻ ചേർത്തല അടക്കമുള്ള അംഗങ്ങളും അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയ്‌ക്ക് വീഴ്‌ച സംഭവിച്ചുവെന്ന് നടൻ പൃഥ്‌വിരാജും കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹിക- ദൃശ്യ-അച്ചടി മാദ്ധ്യമങ്ങളിൽ ‘അമ്മ’ സംഘടനയിലെ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണനങ്ങളുടെ പശ്‌ചാത്തലത്തിൽ, അമ്മയുടെ നിലവിലുള്ള ഭരണസമിതി അതിന്റെ ധാർമിക ഉത്തരവാദിത്തം മുൻനിർത്തി രാജിവെക്കുന്നു. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ നിലവിലെ ഭരണസമിതി തുടരുമെന്നും മോഹൻലാൽ രാജിക്കത്തിൽ പറയുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ