ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിന് ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 400 മൊബൈൽ ഫോണുകളെന്ന് നിഗമനം. 20 പേരാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവറടക്കം 41 പേരുണ്ടായിരുന്ന ബസിലെ ബാക്കി യാത്രക്കാരെ രക്ഷപ്പെടുത്തി.
ഹൈദരാബാദ്- ബെംഗളൂരു ദേശീയപാതയിൽ, കർണൂൽ ജില്ലയിലെ ചിന്നടെക്കൂരിൽ 24ന് പുലർച്ചെ ആയിരുന്നു അപകടം. ബൈക്കിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന് തീപിടിച്ചത്. ബസിലുണ്ടായിരുന്ന ഫോണുകളുടെ ബാറ്ററി പൊട്ടിത്തെറിച്ചത് അപകടത്തിന്റെ തോത് വർധിപ്പിച്ചതായി ഫൊറൻസിക് വിദഗ്ധർ പറയുന്നു.
ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്നു മൊബൈലുകൾ. 46 ലക്ഷം രൂപയുടെ മൊബൈലുകൾ ലഗേജിലാണ് സൂക്ഷിച്ചിരുന്നത്. ബസിനടിയിലേക്ക് ഇടിച്ചുകയറിയ ബൈക്കിന്റെ തകർന്ന പെട്രോൾ ടാങ്കിൽ നിന്ന് തീ പടർന്നാണ് ബസ് കത്തിയതെന്നാണ് പ്രാഥമിക നിഗമനം.
ഇടിച്ച ബൈക്കുമായി മുന്നോട്ട് നീങ്ങുന്നതിനിടെ റോഡിലുരഞ്ഞ് തീപ്പൊരിയുണ്ടായി. പെട്രോൾ ചോർന്നതും തീപിടിത്തത്തിന് ആക്കം കൂട്ടി. അപകടസമയത്ത് യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഇതാണ് മരണസഖ്യ ഉയരാൻ കാരണം. എസി ബസായതിനാൽ ബസിന്റെ ചില്ല് തകർത്താണ് പലരും പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി







































