നിരക്ക് വർധിപ്പിക്കാനൊരുങ്ങി ടെലികോം സേവന ദാതാക്കൾ. കോൾ, ഡേറ്റ നിരക്കുകളിൽ ഏകദേശം 25 ശതമാനം വർധനയാണ് പ്രതീക്ഷിക്കുന്നത്. 5ജി സേവനങ്ങൾ ഒരുക്കുന്നതിന് ടെലികോം കമ്പനികൾ വലിയ തോതിലുള്ള നിക്ഷേപങ്ങൾ നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ നിരക്ക് വർധനയിലൂടെ ചിലവായ തുക തിരിച്ചുപിടിക്കുന്നതിന് കമ്പനികൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ആക്സിസ് ക്യാപിറ്റൽ ആണ് ഇത് സംബന്ധിച്ച് റിപ്പോർട് ചെയ്യുന്നത്. ടെലികോം കമ്പനികളുടെ ശരാശരി പ്രതിശീർഷ വരുമാനവും ഉയരും. ഭാരതി എയർടെല്ലിന് ശരാശരി 29 രൂപ ഓരോ ഉപയോക്താവിൽ നിന്നും അധികമായി ലഭിക്കും. ജിയോയ്ക്ക് 26 രൂപയാണ് ലഭിക്കുകയെന്ന് ആക്സിസ് ക്യാപിറ്റൽ കണക്കാക്കുന്നു. മാർച്ച് വരെയുള്ള പാദത്തിൽ ജിയോയുടെ ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 181.7 രൂപയാണ്.
അതേസമയം, ഭാരതി എയർടെല്ലിന്റെയും വോഡഫോൺ ഐഡിയയുടെയും 2023 ഒക്ടോബർ-ഡിസംബർ കാലയളവിലെ വരുമാനം യഥാക്രമം 208 രൂപയും 145 രൂപയുമാണ്. നിരക്ക് വർധനയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഭാരതി എയർടെല്ലും ജിയോയും ആണ്. 2019 സെപ്തംബറിനും 2023 സെപ്തംബറിനും ഇടയിൽ, കഴിഞ്ഞ മൂന്ന് തവണയായി നിരക്ക് 14-102% വരെ വർധിപ്പിച്ചു.
തീരുവയിൽ 25 ശതമാനം വർധനവ് ഉണ്ടായാൽ സാധാരണക്കാരുടെ പോക്കറ്റിൽ എത്രമാത്രം ആഘാതം ഉണ്ടാകുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. എല്ലാ മാസവും 200 രൂപ റീചാർജ് ചെയ്യുന്നവർക്ക് അധികമായി 50 രൂപ ചിലവാകും. അതായത് 200 രൂപയുടെ താരിഫ് പ്ളാൻ 250 രൂപയായി ഉയരും. 500 രൂപയുടെ റീചാർജ് 25% വർധിച്ചു 625 രൂപയാകും. 1000 രൂപ റീചാർജ് ചെയ്യുകയാണെങ്കിൽ, നിരക്ക് 250 രൂപ വർധിക്കുകയും മൊത്തം താരിഫ് 1250 രൂപ ആവുകയും ചെയ്യും.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും