ന്യൂഡെൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രിക്ക് ക്ഷണം. അവസാന നിമിഷമാണ് മോദിക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്.
ഈജിപ്‌തും അദ്ദേഹത്തെ ക്ഷണിച്ചെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള രാജ്യാന്തര ഉച്ചകോടിയിൽ മോദിയുടെ പങ്കാളിത്തം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഉച്ചകോടിയിൽ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയർ സ്‌റ്റാമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണി ഉൾപ്പടെ ഇരുപതോളം രാഷ്‌ട്ര തലവൻമാർ ഉച്ചകോടിയിൽ പങ്കെടുക്കും.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, സമാധാനവും സ്‌ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുക, പ്രാദേശിക സുരക്ഷയുടെയും സ്‌ഥിരതയുടെയും പുതിയ യുഗത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. ഇസ്രയേൽ, ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഭാഗികമായി സൈന്യത്തെ പിൻവലിക്കുകയും ചെയ്‌തതിന് പിന്നാലെ നടക്കുന്ന ആദ്യത്തെ യോഗമാണിത്.
അതേസമയം, പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുത്താൽ ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ഇത് വഴിയൊരുക്കും. ട്രംപിനെ കാണുന്നതിന് പുറമെ, മധ്യപൂർവദേശത്ത് മോദിയുടെ സാന്നിധ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാകും. ഇന്നലെ നിയുക്‌ത യുഎസ് അംബാസഡർ സെർജിയോ ഗോർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്