ന്യൂഡെൽഹി: ഗാസയിൽ സമാധാനം പുനഃസ്‌ഥാപിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകൾ പുറത്തുവരുന്നത് സുപ്രധാനമായ ചുവടുവയ്‌പ്പാണെന്നും മോദി പറഞ്ഞു.
ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ പുരോഗതി കൈവരിക്കുന്ന ഈ സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ ശക്‌തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി പറഞ്ഞു.
ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ് അംഗീകരിച്ചിരുന്നു. ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ് ഹമാസ് സമ്മതമറിയിച്ചത്. അതേസമയം, നിർദ്ദേശങ്ങളിലെ ചില കാര്യങ്ങളിൽ ഇനിയും ചർച്ച ആവശ്യമാണെന്നാണ് ഹമാസിന്റെ നിലപാട്.
ഞായറാഴ്‌ച വൈകീട്ട് ആറിനകം കരാർ അംഗീകരിക്കണമെന്ന് ട്രംപ് ഹമാസിന് അന്ത്യശാസനം നൽകിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം അത് വളരെദുഃഖകരമായ അന്ത്യമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസിന്റെ പ്രതികരണമുണ്ടായത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്