ന്യൂഡെൽഹി: യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ട്രംപിന്റെ സ്‌ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഈ മാസം 20നാണ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്‌ഞ. യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും മറ്റു പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്‌ച നടത്തും. സ്‌ഥാനമൊഴിയുന്ന പ്രസിഡണ്ട് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും.2020ലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ബൈഡന്റെ സ്‌ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.
സത്യപ്രതിജ്‌ഞാ ചടങ്ങിലേക്ക് ഒട്ടേറെ ലോകനേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. അർജന്റീന പ്രസിഡണ്ട് ഹാവിയർ മിലൈയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുക്കാൻ സമ്മതമറിയിച്ചതായാണ് വിവരം. ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങിനെ ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!