ന്യൂഡെൽഹി: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധത്തിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനും റഷ്യയും തമ്മിൽ നേരിട്ട് നടത്തുന്ന ചർച്ചകളെ മോദി അഭിനന്ദിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സൗകര്യമൊരുക്കിയതിന് സെലെൻസ്‌കിയോട് മോദി നന്ദി പറഞ്ഞു.
യുക്രൈനിലെ സ്‌ഥിതിഗതികൾ ഇരു നേതാക്കളും ചർച്ച ചെയ്‌തു. സുമിയിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളിൽ യുക്രൈൻ സർക്കാരിന്റെ തുടർച്ചയായ പിന്തുണ മോദി അഭ്യർഥിച്ചു. 35 മിനുട്ടോളം നീണ്ടുനിന്ന ഫോൺ സംഭാഷണത്തിൽ റഷ്യയുമായി നേരിട്ടുള്ള സംഭാഷണം തുടരുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു.
യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് ഇരുവരും തമ്മിൽ ചർച്ച നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്. അതിന് പിന്നാലെ ഫെബ്രുവരി 26ആം തീയതിയാണ് മോദിയും സെലെൻസ്‌കിയും തമ്മിൽ ഫോണിൽ സംസാരിച്ചത്. യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ പിന്തുണ സെലെൻസ്‌കി തേടുകയും ചെയ്‌തിരുന്നു. എന്നാൽ റഷ്യക്കെതിരെ നിലപാടെടുക്കാൻ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.
Most Read: മീഡിയ വൺ സംപ്രേഷണ വിലക്ക്; ഹരജി വെള്ളിയാഴ്‌ച പരിഗണിക്കും