കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിൽ നിർണായക വിധിയുമായി ഹൈക്കോടതി. വിജ്‌ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹൻലാലിന് കൈവശം സൂക്ഷിക്കാൻ അനുവാദം നൽകിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്‌ഞാപനം ഇറക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്‌റ്റ്യൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ കണ്ടെടുത്തത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു.
മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്‌ഥത നൽകിയ സർക്കാർ നടപടിയിൽ വീഴ്‌ചയുണ്ടായെന്ന് കോടതി നിരീക്ഷിച്ചു. ഉടമസ്‌ഥാത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്ന് വ്യക്‌തമാക്കിയ കോടതി അവ അസാധുവാക്കി.
ഈ ഉത്തരവുകൾക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ ആറിനും പുറപ്പെടുവിച്ച ഉടമസ്‌ഥതാ സർട്ടിഫിക്കറ്റുകളും കോടതി ഇന്ന് റദ്ദാക്കി. മോഹൻലാലിന് ഉടമസ്‌ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹരജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു, കൊച്ചി സ്വദേശി എഎ പൗലോസ് എന്നിവരാണ് ഹർജിക്കാർ.
വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ലൈസൻസ് നൽകാൻ വ്യവസ്‌ഥ ചെയ്യുന്ന 1972ലെ വന്യജീവി സംരക്ഷണ നിയമം 44ആം വകുപ്പ് അനുസരിച്ച് വ്യക്‌തികൾക്ക് അനുമതി നൽകുന്നതിന് പുതിയ വിജ്‌ഞാപനം ഇറക്കാൻ സർക്കാരിന് സ്വാതന്ത്രമുണ്ടാകുമെന്നും ഇന്ന് കോടതി പറഞ്ഞു. നിലവിൽ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ് കേസ്.
Most Read| വേദന കടിച്ചമർത്തി സ്വർണത്തിലേക്ക് കുതിച്ച് ദേവനന്ദ







































