മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരൻ ഇഖ്ബാൽ കസ്കറിനെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചിരുന്നു. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല.
നേരത്തെ ഫെബ്രുവരി 18ന് ഇഖ്ബാൽ കസ്കറിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ മുംബൈയിലെ പ്രത്യേക പിഎംഎൽഎ കോടതി വിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീന പാർക്കറിന്റെ മുംബൈയിലെ വസതിയിൽ ഈ മാസം ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.
മുംബൈ അധോലോകവുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിനായി നിരവധി ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. അടുത്തിടെ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഈ തെരച്ചിൽ നടക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻസിപി നേതാവ് നവാബ് മാലിക്കിനെ ഇഡി ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
Read Also: സ്വപ്നയുടെ വെളിപ്പെടുത്തൽ സഭയിലും ചർച്ചയായി; പ്രതിപക്ഷ പ്രതിഷേധം ശക്തം








































