ചെന്നൈ: തമിഴ്നാട്ടില്‍ ഭരണം ലഭിച്ചാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം സ്‌ഥിരമായി നല്‍കുമെന്ന പ്രഖ്യാപനവുമായി കമല്‍ ഹാസന്‍. തന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’ മുന്‍ഗണന നല്‍കുക സ്‍ത്രീ ശാക്‌തീകരണത്തിന് ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് സ്‌ഥിരം മാസശമ്പളം നല്‍കുക വഴി സ്‍ത്രീകളെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരികയാണ് ലക്ഷ്യമെന്ന് കമല്‍ ഹാസന്‍ വ്യക്‌തമാക്കി. അതേസമയം രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാത്രവുമല്ല രജനിയുടെ പാര്‍ട്ടി പ്രഖ്യാപനം വരെ കാത്തിരിക്കാനും കമൽ ഹാസന്‍ അണികളോട് ആവശ്യപ്പെട്ടു.
എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ, അണ്ണാഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്ന നിലപാടും കമൽ ഹാസന്‍ വ്യക്‌തമാക്കി.
അതേസമയം തമിഴ്നാട്ടില്‍ കമൽ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിക്കുമെന്ന് ആം ആദ്‌മി തമിഴ്നാട് നേതൃത്വം അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടത്തിയതായും ധാരണയില്‍ എത്തിയെന്നുമാണ് ആം ആദ്‌മി തമിഴ്നാട് നേതൃത്വത്തിന്റെ വിശദീകരണം.
Read Also: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; നടപ്പിലാക്കുവാന്‍ തയാറാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍