കാരപ്പുറം: “യുഡിഎഫ് ഭരിച്ച 35 വർഷവും മൂത്തേടം ഗ്രാമപഞ്ചായത്തോഫീസ് കള്ളൻമാരുടെയും റിയൽഎസ്റ്റേറ്റ് മുതലാളിമാരുടെയും മാത്രം കേന്ദ്രമായിരുന്നു. ഇന്നത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അഭയ കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തെ ഇടതുപക്ഷ ഭരണം കൊണ്ടാണ് ഈ മാറ്റം സാധ്യമായത്. തമാശക്ക് പോലും ഒരഴിമതി ആരോപിക്കാൻ കഴിയാതെ കുഴങ്ങുന്ന കോൺഗ്രസ്, മുസ്ലിംലീഗുകാരുടെ കുപ്രചരണങ്ങളിൽ ജനങ്ങൾ വഞ്ചിതരാവരുത്“; പഞ്ചായത്തിലെ കുടുംബയോഗം ഉൽഘാടനം നിർവഹിച്ചു കൊണ്ട് പിവി അൻവർ എംഎൽഎ പറഞ്ഞു.
മൂത്തേടം പഞ്ചായത്തിലെ 5, 6, 7 വാർഡുകളിലായിരുന്നു എൽഡിഎഫ് കുടുംബയോഗം നടന്നത്. തമിഴ്നാട് സംസ്ഥാന സബ്ജൂനിയർ ഫുട്ബോൾ ടീമിൽ കളിച്ച ഷാഹിദ് അഫ്രീദിയെ കുടുംബയോഗത്തിൽ പിവി അൻവർ എംഎൽഎ ആദരിച്ചു. മുൻ സായി വിദ്യാർഥിയായ ഷാഹിദ് അഫ്രീദി എഫ്സി കേരള, എഫ്സി പറപ്പൂർ എന്നീ ക്ളബ്ബുകളിലും കളിച്ചിട്ടുണ്ട്.
ഇപ്പോൾ യുണൈറ്റഡ് അക്കാദമി നിലമ്പൂരിൽ മോയിക്കൽ കമാലുദീന്റെ കീഴിൽ പരിശീലനം നടത്തുന്ന കാരപ്പുറം ചോല സ്വദേശിയായ ഷാഹിദ് അഫ്രീദി പിലാക്കൽ ജലീൽ-സാഹിറ ദമ്പതികളുടെ മകനാണ്. നെല്ലിപ്പൊയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി വികെ അബ്ദുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ 7ആം വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം വാസു സ്വാഗതം പറഞ്ഞു.
അനൂപ് മാഷ് മുഖ്യ പ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എടി റെജി, സിപിഎം ലോക്കൽ സെക്രട്ടറി വികെ ഷാനവാസ്, മുജീബ് റഹ്മാൻ, സൈറ ബാനു, ജാസ്മിൻ ശറഫുദ്ധീൻ, ഉഷ സന്തോഷ് എന്നിവർ പ്രസംഗിച്ചു.
Most Read: കര്‍ഷകര്‍ തെരുവില്‍; പുരസ്കാരം നിഷേധിച്ച് ശാസ്ത്രജ്ഞന്







































