മലപ്പുറം: ജില്ലയിൽ സദാചാര ആക്രമണങ്ങൾ വർധിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവമാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്ന വാർത്ത. തിരൂരിനടുത്ത് ചെറിയമുണ്ടത്ത് ഇന്നലെ നാല് മണിയോടെയാണ് സംഭവം. സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം യുവാക്കൾ എത്തി സൽമാനുൽ ഹാരിസ് (23) എന്ന യുവാവിനെ മർദ്ദിച്ചതായാണ് വിവരം. ഇയാളെ മർദ്ദിക്കുന്ന ദൃശ്യം അക്രമികൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.
യുവാവ് ഒരു പെൺകുട്ടിയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ സൽമാനുൽ ഹാരിസിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് അക്രമികൾ മർദ്ദിച്ചതെന്ന് സൽമാനുൽ ഹാരിസിന്റെ മാതാവ് സുഹ്‌റ ആരോപിച്ചു. ഇതുൾപ്പടെ കാണിച്ച് സംഭവത്തിൽ പോലീസിലും മുഖ്യമന്ത്രിക്കും മാതാവ് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, സദാചാര ഗുണ്ടകളുടെ ആക്രമണത്തെ തുടർന്ന് മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്ത് ആത്‍മഹത്യ ചെയ്‌തിരുന്നു. ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ചായിരുന്നു ഒരു സംഘം ആളുകൾ വീട്ടിലെത്തി സുരേഷിനെ മര്‍ദ്ദിച്ചിരുന്നത്. സ്വന്തം വീട്ടുകാരുടെ മുന്നില്‍വെച്ച് അപമാനത്തിന് ഇരയായതിന്റെ മനോവിഷമത്തിലാണ് സുരേഷ് ജീവിതം അവസാനിപ്പിച്ചത്.
Read Also: 3,000 ത്തിലധികം പേർക്ക് വാക്‌സിൻ; 53-പയ്യാമ്പലം ഡിവിഷന് സമ്പൂർണ വാക്‌സിനേഷൻ