വാഷിങ്ടൻ: അമേരിക്കയിൽ കഴിയുന്ന 487 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ തിരിച്ചയക്കുമെന്നും യുഎസ് അധികൃതർ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ, തിരിച്ചയക്കപ്പെടുന്നവരുടെ എണ്ണത്തിൽ ചെറിയതോതിൽ വർധനവ് ഉണ്ടായേക്കാമെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയ 104 ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനം ജനുവരി അഞ്ചാം തീയതിയാണ് അമൃത്സറിൽ ഇറങ്ങിയത്.
ഇവരിൽ ഭൂരിഭാഗവും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചയക്കപ്പെട്ടവരുടെ കൈകളിൽ വിലങ്ങും കാലിൽ ചങ്ങലയും അണിയിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. പ്രതിപക്ഷം കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, അനധികൃതമായി കുടിയേറിയെന്ന് കണ്ടെത്തിയ 15,668 ഇന്ത്യക്കാരെയാണ് 2009 മുതൽ ഇതുവരെ യുഎസ് തിരിച്ചയച്ചിട്ടുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞദിവസം രാജ്യസഭയിൽ പറഞ്ഞിരുന്നു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്ക്ക്