കൊച്ചി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകൾ പുനഃരാരംഭിക്കുന്നു. കോവിഡിന്റെ പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയിൽ നിന്ന് കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ തുടങ്ങുന്നത്. ഇതേ തുടർന്ന് ശ്രീലങ്കൻ എയർലൈൻസിന്റെ ആദ്യ വിമാനം ഇന്ന് സർവീസ് നടത്തി. കഴിഞ്ഞ ഒന്നര വർഷത്തിന് ശേഷമാണ് ശ്രീലങ്കൻ എയർലൈൻസ് കൊച്ചിയിൽ നിന്ന് സർവീസ് പുനഃരാരംഭിക്കുന്നത്.
കൂടാതെ കേരളത്തിൽ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സർവീസുകളിൽ ഒന്നായിരുന്ന കൊളംബൊ വിമാനം കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് തുടങ്ങിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിലവ് കുറഞ്ഞ രീതിയിൽ യാത്ര ചെയ്യാൻ സഹായിക്കുന്ന കൊളംബോ സർവീസുകൾ പ്രതിദിനം സർവീസ് നടത്തുന്നത് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. ഇത് കൂടാതെ ഈ മാസം മുതൽ കൂടുതൽ രാജ്യാന്തര വിമാന സർവീസുകൾ കൊച്ചി വിമാനത്താവളത്തിൽ നിന്നും പുനഃരാരംഭിക്കും.
അതേസമയം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം തുടർച്ചയായി മൂന്നാം മാസവും ദേശീയാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനം നിലനിർത്തി. ജൂലൈയിൽ 85,395 യാത്രക്കാരും, ഓഗസ്റ്റിൽ 1,57,289 പേരും സെപ്റ്റംബറിൽ 1,94,900 പേരും കൊച്ചി വിമാനത്താവളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു. കൂടാതെ നിലവിൽ 106 വിമാന സർവീസുകളാണ് കൊച്ചിയിൽ പ്രവർത്തിക്കുന്നത്.
Read also: ഹരിത; മുൻ നേതാക്കളുടെ നിലപാട് പ്രധാനമെന്ന് എംകെ മുനീർ






































