കോഴിക്കോട്: വനിതാ കമ്മീഷനിൽ കൊടുത്ത പരാതിയിൽ ഹരിത മുൻ നേതാക്കൾ എടുക്കുന്ന തീരുമാനമാണ് പ്രധാനമെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എംകെ മുനീർ. ഇതിന് അനുസരിച്ചാണ് ഹരിത അധ്യായം തുറക്കണോ അടയ്‌ക്കണോ എന്ന് തീരുമാനിക്കുകയെന്നും മുനീർ കോഴിക്കോട് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഹരിതയുടെ സംഘടനാ പ്രവർത്തനത്തിൽ ലീഗ് പുതിയ മാർഗരേഖ ഉണ്ടാക്കിയിരുന്നു. നിലവിലെ ഹരിത കമ്മിറ്റിയുടെ കാലാവധി കഴിഞ്ഞാൽ ഹരിതയ്‌ക്ക് സംസ്‌ഥാന- ജില്ലാ കമ്മിറ്റികളുണ്ടാകില്ല. പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്തും. ഇതിന് പകരം യൂത്ത് ലീഗിലും, എംഎസ്എഫിലും വനിതകൾക്കു ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളിൽ ഇനി മുതൽ 20 ശതമാനം പ്രാതിനിധ്യം ഉറപ്പുനൽകുമെന്ന് നേതൃത്വം അറിയിച്ചു. ഹരിത വിവാദത്തിന്റെ പശ്‌ചാത്താലത്തിൽ കൂടുതൽ വനിതകളെ പാർട്ടി നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിന് പ്രാധാന്യമുണ്ടെന്നാണ് നേതാക്കളുടെ അഭിപ്രായം.
Also Read: സംസ്‌ഥാനത്തെ തിയേറ്റർ തുറക്കൽ; സർക്കാർ തീരുമാനത്തിന് എതിരെ ഐഎംഎ