തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമ തിയേറ്ററുകൾ തുറക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐഎംഎ). നിലവിലെ തീരുമാനം സംസ്‌ഥാനത്ത് വീണ്ടും രോഗവ്യാപനം ഉയരാൻ കാരണമാകുമെന്നാണ് ഐഎംഎ പ്രസിഡണ്ട് ഡോക്‌ടർ പിടി സഖറിയാസ് വ്യക്‌തമാക്കി.
തിയേറ്ററുകളിൽ എസി പ്രവർത്തിപ്പിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നും, തുറന്ന ഹാളുകളിൽ മാത്രമേ പ്രദർശനം അനുവദിക്കാവൂ എന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. നിലവിൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും, അതിനാൽ തന്നെ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കുകയാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ സർക്കാരിനെ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും സഖറിയാസ് പറഞ്ഞു. സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസം ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് ഈ മാസം 25ആം തീയതി മുതലാണ് തിയേറ്ററുകൾ തുറക്കുക. 2 ഡോസ് വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും സർക്കാർ മാർഗ നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്.
Read also: ഇളവ് തുണച്ചു; ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻ തിരക്ക്