സൗദി : കോവിഡ് കാലത്ത് സൗദി അറേബ്യയില്‍ നിന്നും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചുവെന്ന് വ്യക്‌തമാക്കി ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സഈദ്. 2,32,556 ആളുകളെയാണ് കോവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തിച്ചത്. ജിദ്ദയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. 1,295 വിമാന സര്‍വീസുകളിലൂടെയാണ് ഇത് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. ഇവയില്‍ 1,011 എണ്ണം ചാര്‍ട്ടേഡ് വിമാനങ്ങളും, 276 എണ്ണം വന്ദേ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വീസുകളും ആയിരുന്നു.
ഇത്രയധികം പേരെ ഒരുമിച്ചു നാട്ടില്‍ എത്തിക്കാൻ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം സമ്മേളനത്തില്‍ പറഞ്ഞു. സൗദിയിലെ പൊതുമാപ്പ് കാലത്ത് പോലും 75,000 ആളുകളെ മാത്രമാണ് ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നത്. അത് വച്ച് നോക്കുമ്പോള്‍ ഈ കണക്കുകള്‍ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് സൗദിയിലെ ജയിലുകളില്‍ നിന്നും മോചിതരായ 2200 ആളുകളെയും ഇതുവരെ നാട്ടില്‍ എത്തിച്ചു. ശിക്ഷ കാലാവധി കഴിയുന്ന ബാക്കിയുള്ളവരെയും ഉടന്‍ നാട്ടില്‍ എത്തിക്കും. ഇവരെ നാട്ടില്‍ എത്തിക്കാനായി എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട് എന്നും അദ്ദേഹം വ്യക്‌തമാക്കി.
സൗദിയില്‍ വിവിധ തൊഴിലുടമകളില്‍ നിന്നും ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന നിരവധി പേരാണ് ഉള്ളത്. ഇവരില്‍ 3,337 ആളുകള്‍ക്ക് എംബസിയുടെയും, കോണ്‍സുലേറ്റിന്റെയും ഇടപെടലിലൂടെ ഫൈനല്‍ എക്‌സിറ്റ് വിസ നേടിക്കൊടുക്കാനും സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം ആളുകളെ നാട്ടില്‍ എത്തിക്കാന്‍ സാധിച്ചത് വലിയ നേട്ടമാണെന്ന് അദ്ദേഹം തന്റെ വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
Read also : കുവൈറ്റ്; ആരോഗ്യ മേഖലയിലെ പ്രവാസി തൊഴില്‍ കരാര്‍ ഇനി മൂന്ന് വര്‍ഷത്തേക്ക്







































