മോസ്‌കോ: റഷ്യയുടെ തലസ്‌ഥാനമായ മോസ്‌കോയിലേക്ക് യുക്രൈൻ നടത്തിയ തുടർച്ചയായ ഡ്രോൺ വിക്ഷേപണത്തിന് പിന്നാലെ മോസ്‌കോയിലെ നാല് വിമാനത്താവളങ്ങളിൽ മൂന്നും അടച്ചിട്ടു. വ്‌നുക്കോവോ, ഡൊമോഡെഡോവോ, ഷുകോവ്‌സ്‌കി എന്നീ വിമാനത്താവളങ്ങളാണ് അടച്ചുപൂട്ടിയത്.
എന്നാൽ, ഒരു മണിക്കൂറിന് ശേഷം ഇവ ഭാഗികമായി തുറന്നതായാണ് വിവരം. അതേസമയം, നിരവധി വിമാനങ്ങൾ വൈകിയോടുന്നത് തുടരുകയാണ്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് വിമാനത്താവളങ്ങൾ അടച്ചതെന്ന് റഷ്യൻ വ്യോമയാന റെഗുലേറ്ററായ റോസാവിയറ്റ്സി പറഞ്ഞു.
വിമാനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നിയന്ത്രണങ്ങൾ ആവശ്യമാണെന്നും അധികൃതർ അറിയിച്ചു. മോസ്‌കോ ലക്ഷ്യമാക്കി എത്തിയ 27 ഡ്രോണുകളെങ്കിലും റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി മോസ്‌കോ മേയർ സെർജി സോബ്യാനിൻ ടെലഗ്രാം പോസ്‌റ്റുകളിലൂടെ അറിയിച്ചു.
യുക്രൈനുമായി അതിർത്തി പങ്കിടുന്ന റഷ്യയിലെ ബേൽഗോറോഡ് മേഖലയിൽ ഒരു കുടുംബം സഞ്ചരിച്ച കാറിന് നേരെ യുക്രൈൻ നടത്തിയ ഡ്രോണാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് വയസുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മോസ്‌കോ ലക്ഷ്യമാക്കി ഡ്രോണുകൾ എത്തിയത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































