കൊച്ചി: തിരുവാങ്കുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നര വയസുകാരി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മകൾ നിരന്തര പീഡനത്തിന് ഇരയായിരുന്നതായി അമ്മ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യം സ്‌ഥിരീകരിക്കാനാവൂ എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ചോദ്യം ചെയ്യൽ ഇന്നും തുടരും. കസ്‌റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലിനിടെയാണ് കുട്ടി നിരന്തരം പീഡനത്തിനിരയായ വിവരം അമ്മയെ അറിയിച്ചത്. നിസംഗതയോടെയാണ് ഇക്കാര്യം അമ്മ കേട്ടിരുന്നത്. പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച അടുത്ത ബന്ധുവിനെ കസ്‌റ്റഡിയിൽ വാങ്ങാൻ അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകിയേക്കും. ഇയാളെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു.
മൂന്നര വയസുകാരിയുടെ പോസ്‌റ്റുമോർട്ടത്തിലായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് ഒന്നര വർഷത്തോളമാണ് പ്രതി ക്രൂരപീഡനം നടത്തിയത്. അമ്മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുന്നതിന് തൊട്ടു മുമ്പാണ് പെൺകുഞ്ഞിന്റെ പോസ്‌റ്റുമോർട്ടം വിവരങ്ങൾ പോലീസിന് ലഭിച്ചത്.
മൃതദേഹത്തിലെ ആദ്യഘട്ട പരിശോധനയിൽ തന്നെ കുട്ടി ക്രൂരപീഡനത്തിന് ഇരയായതായി കളമശ്ശേരി മെഡിക്കൽ കോളേജിലെ ഫൊറൻസിക് സർജൻ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ കുട്ടി പീഡനത്തിന് ഇരയായെന്ന വിവരവും കൂടി പുറത്തുവന്നതോടെ കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. ആലുവ, പുത്തൻകുരിശ് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേകാന്വേഷണ സംഘം. സൈബർ വിദഗ്‌ധരും അന്വേഷണ സംഘത്തിലുണ്ട്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ