തിരുവനന്തപുരം: യുഎഇയിൽ നിന്നുവന്ന കണ്ണൂർ സ്വദേശിക്ക് എംപോക്‌സ് സ്‌ഥിരീകരിച്ചു. തലശേരിക്ക് സ്വദേശിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഞായറാഴ്‌ചയാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 26 വയസുകാരനും രോഗം സ്‌ഥിരീകരിച്ചിരുന്നു. ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
ഇവരുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ സ്‌റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തി.
എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷമാണ് രോഗം പകരുന്നത്. സമ്പർക്കമുണ്ടായാൽ 21 ദിവസം ശ്രദ്ധിക്കേണ്ടതാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ലക്ഷങ്ങൾ ഉണ്ടായാൽ ഐസൊലേഷനിൽ തുടരേണ്ടതും ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.
വിമാനത്താവളങ്ങളിൽ ഉൾപ്പടെ അവബോധം ശക്‌തിപ്പെടുത്തിയിട്ടുണ്ട്. വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്‌തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്‌പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്‌ത്രം എന്നിവ സ്‌പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും