1933ൽ പൊന്നാനി താലൂക്കിലെ കൂടല്ലൂരിൽ ജനിച്ച മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എംടി വാസുദേവൻ നായർ എംടി എന്ന രണ്ടക്ഷരത്തിലേക്ക് വളർന്ന് മലയാളിയുടെ സ്വതബോധത്തിനെ കീഴടക്കി തന്റെ 91 വർഷത്തെ യാത്ര പൂർത്തീകരിച്ചു മടങ്ങി.
ജീവിത കാലത്തുടനീളം താനിടപ്പെട്ട എല്ലായിടത്തും മതനിരപേക്ഷത നിലകൊള്ളണമെന്ന് ആഗ്രഹിച്ചിരുന്ന എംടിയുടെ അന്ത്യയാത്രയിൽ അണിനിരന്ന ആയിരങ്ങൾ ജാതി-മത-രാഷ്‌ട്രീയ ബേധമില്ലാതെ കണ്ണുനീർ തൂകിയാണ് ഭൗതിക ശരീരത്തോടൊപ്പം നടന്നു നീങ്ങിയത്.
മാവൂർ റോഡിലെ ശ്‌മശാനമായ സ്‌മൃതതിപഥത്തിൽ എംടിയുടെ സഹോദരപുത്രൻ ടി സതീശനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. സംസ്‌ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകിയായിരുന്നു സംസ്‌കാരം. പൊതുശ്‌മശാനം ‘സ്‌മൃതിപഥം’ എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്‌മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരമായിരുന്നു.
മന്ത്രിമാരായ മുഹമ്മദ് റിയാസ്, എംബി രാജേഷ്, എഎ റഹീം, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, ടി സിദ്ദിഖ്, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ച എംടിയുടെ മൃതദേഹം സ്വവസതിയായ സിതാരയിലേക്ക് എത്തിച്ചിരുന്നു. എംടിക്ക് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് പതിനായിരങ്ങളാണ് സിതാരയിലെത്തിയത്. തുടർന്ന് നാലുമണിയോടെ വിലാപയാത്രയായി മാവൂർ റോഡ് ശ്‌മശാനത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല







































