ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ള പ്ളോട്ടുകൾ അധികൃതർ തിരിച്ചെടുത്തു. 14 പ്ളോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു. സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്.
നിയമാവലിയിൽ പ്ളോട്ടുകൾ തിരിച്ചെടുക്കാനുള്ള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി. ലോകായുക്ത- ഇഡി കേസുകളിൽ പ്രതിചേർക്കപ്പെട്ടതോടെയാണ് ബിഎം പാർവതി പ്ളോട്ടുകൾ തിരികെ നൽകിയത്. നേരത്തെ, വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി രംഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ചു പാർവതി മൈസൂരു നഗരവികസന അതോറിറ്റിയിൽ കത്തെഴുതിയിരുന്നു.
ലോകായുക്ത- ഇഡി കേസുകളിൽ രണ്ടാം പ്രതിയാണ് ബിഎം പാർവതി. മൈസൂരു കേസരെ വില്ലേജിൽ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറിൽ 14 പ്ളോട്ടുകൾ പകരം നൽകിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.
ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധാരാമയ്യക്കെതിരെ നേരത്തെ സംസ്ഥാന ലോകായുക്ത കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ ബിഎൻ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി സ്ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് അന്വേഷണം.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ