കൊച്ചി: നടിയുടെ ലൈംഗികപീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ സത്യവാങ്മൂലം നൽകാൻ പോലീസ്. ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സത്യവാങ്മൂലം നൽകും.
മുകേഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. മുകേഷിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെട്ടുമെന്നും അന്വേഷണ സംഘം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടും. ബലാൽസംഗ കുറ്റമാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും.
കെപിസിസിയുടെ മുൻ ലീഗൽ സെൽ ചെയർമാൻ ചന്ദ്രശേഖരനും ജാമ്യം നൽകരുതെന്ന സത്യവാങ്മൂലം നൽകാനുള്ള നീക്കത്തിലാണ് പോലീസ്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനും ചന്ദ്രശേഖരനുമെതിരെ പോലീസ് കേസെടുത്തത്. ഇന്നലെ മുകേഷിന്റെ കൊച്ചിയിലെ മരടിലെ വീട്ടിൽ പരാതിക്കാരിയെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
അതിനിടെ, മുകേഷ് എംഎൽഎ സ്‌ഥാനം രാജിവെക്കണമെന്ന ആവശ്യവും ശക്‌തമാവുകയാണ്. എന്നാൽ, മുകേഷ് തൽക്കാലം രാജിവെക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. കോടതിയിലെത്തിയത് കേസ് തന്നെ ഇല്ലാതാകാനുള്ള സാധ്യത അടക്കം സിപിഎം മുന്നിൽ കാണുന്നുണ്ട്. പരാതി രാഷ്‌ട്രീയ പ്രേരിതമാണെന്നും ബ്ളാക്ക് മെയിലിങ്ങിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയോട് പറഞ്ഞത്.
നടി അയച്ച വാട്‍സ് ആപ് സന്ദേശങ്ങൾ കൈവശമുണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ടു കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം. രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തിൽ എംഎൽഎ ഓഫീസിനും വീടിനും പോലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.
Most Read| വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്