തിരുവനന്തപുരം: കെപിസിസി നേതൃത്വം ഏകാധിപത്യ ശൈലിയിൽ പെരുമാറുന്നുവെന്ന് പരാതി ഉന്നയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ മുല്ലപ്പള്ളി അറിയിച്ചു. എല്ലാവരേയും ഒപ്പം നിർത്താൻ നേതൃത്വതിന് കഴിയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ താരിഖ് അൻവറിനോട് പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്‌ചയ്‌ക്ക് സമയം ചോദിച്ചിരുന്നു. സമയം അനുവദിച്ചിട്ടും താരിഖ് അൻവർ മുല്ലപ്പള്ളി രാമചന്ദ്രനെ കാണാനെത്തിയില്ല. ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ അതൃപ്‌തി അറിയിച്ചു. അവഗണിക്കാം പക്ഷെ അപമാനിക്കരുത് എന്ന മുന്നറിയിപ്പ് നൽകിയതോടെ താരിഖ് അൻവർ കൂടിക്കാഴ്‌ചയ്‌ക്ക് തയ്യാറായി എത്തുകയായിരുന്നു.
ഇന്നലത്തെ കൂടിക്കാഴച മാറ്റിവെക്കാൻ താരിഖ് അൻവറിനോട് ആവശ്യപ്പെട്ടത് കെപിസിസി നേതൃത്വം ആണെന്നാണ് സൂചന. മുതിർന്ന നേതാവ് വിഎം സുധീരൻ രാഷ്‌ട്രീയ കാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അംഗത്വവും രാജിവെച്ചത് കോൺഗ്രസിന് തലവേദന ആയിരിക്കെയാണ് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മുല്ലപ്പള്ളിയും രംഗത്ത് എത്തുന്നത്.
കെപിസിസി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് മുതിർന്ന പാർട്ടി പ്രവർത്തകർ തന്നെ പാർട്ടി വിടുന്നതും കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഡിസിസി അധ്യക്ഷൻമാരുടെ നിയമനത്തിന് പിന്നാലെ കെപിസിസി പുന:സംഘടനയും കോൺഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയേക്കും.
National News: ഭാരത് ബന്ദ്; ദേശീയ പാതകളിൽ ഉപരോധം, നിരവധി ട്രെയിനുകൾ റദ്ദാക്കി