ഭാരത് ബന്ദ്; ദേശീയ പാതകളിൽ ഉപരോധം, നിരവധി ട്രെയിനുകൾ റദ്ദാക്കി

By News Desk, Malabar News
farmers-protest=against-fuel-price
Representational Image
Ajwa Travels

ഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദിനോട് ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം. രാജ്യവ്യാപകമായി കർഷകരും ട്രേഡ് യൂണിയനുകളും ഇടത് സംഘടനകളും ഇന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങി. കർഷകരുടെ ദേശീയ പാത ഉപരോധത്തെ തുടർന്ന് പല ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും ഗതാഗതം തടസപ്പെട്ടു.

ഡെൽഹി- ഗുരുഗ്രാം അതിർത്തിയിൽ കർഷക സംഘടനകളുടെ ദേശീയ പാതാ ഉപരോധത്തെ തുടർന്ന് കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. ഡെൽഹിക്ക് ചുറ്റുമുള്ള കെഎംപി എക്‌സ്‌പ്രസ്‌ ഹൈവേയിലെ എല്ലാ ടോളുകളും കർഷക സംഘടനകൾ ഉപരോധിച്ചു. ഹരിയാനയിലെ ബഹാദൂർഗഡിൽ കർഷകർ ട്രെയിൻ തടഞ്ഞു.

അമൃത്‌സറിലും റെയിൽവേ ട്രാക്കിലിരുന്ന് കർഷകരുടെ പ്രതിഷേധമുണ്ടായി. യുപി അതിർത്തികളിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു. ക‍ർഷകർ ട്രെയിനുകൾ ഉപരോധിച്ചതിനെ തുട‍ർന്ന് പഞ്ചാബിൽ 18 ട്രെയിനുകളുടെ സ‍ർവീസ് ഇന്ന് റദ്ദാക്കി. പഞ്ചാബിലെ അമൃത്‌സറിൽ പാസ്‌പോർട്ട് ഓഫിസ് കർഷകർ ഉപരോധിച്ചു.

ഹരിയാനയിലെ സോനിപത്തിൽ ക‍ർഷകർ ട്രെയിൻ തടഞ്ഞു. ഒഡീഷയിലും ഭാരത് ബന്ദിന്റെ ഭാഗമായി റോഡ്‌ ഉപരോധമുണ്ടായി. ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടും തമിഴ്‌നാട്ടിൽ ഭാരത് ബന്ദിനോട് തണുത്ത പ്രതികരണമായിരുന്നു. സർക്കാർ ബസുകളും ഓട്ടോ ടാക്‌സി വാഹനങ്ങളുൾപ്പെടെ എല്ലാം പതിവുപോലെ സ‍ർവീസ് നടത്തി.

കുംഭകോണത്ത് ട്രെയിൻ തടഞ്ഞ അൻപതോളം ഇടത് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തു നീക്കി. ബന്ദിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഇടത് പാ‍ർട്ടികൾ റോഡ് ഉപരോധിച്ചു. ചെന്നൈ ന​ഗരത്തിലെ മൗണ്ട് റോഡ് സിപിഎം, സിപിഐ സംസ്‌ഥാന സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഉപരോധിച്ചു നേതാക്കളേയും പ്രവ‍ർത്തകരേയും പോലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌തു നീക്കി.

പുതുച്ചേരിയിലും ബന്ദ് ഭാഗികമായിരുന്നു. കർണാടകയിൽ ശക്‌തമായ പ്രതിഷേധമാണ് ഭാരത് ബന്ദിലുണ്ടായത്. ബെം​ഗളൂരു ന​ഗരത്തിലടക്കം ക‍ർഷക സംഘടനകളുടെ പ്രതിഷേധമുണ്ടായി. മജസ്‌റ്റിക്കിൽ റോഡ് ഉപരോധിച്ച കർഷകരെ അറസ്‌റ്റ് ചെയ്‌ത്‌ മാറ്റി.

ബെല്ലാരിയിലും ഹസനിലുമടക്കം ​ഗ്രാമീണ മേഖലകളിലും പ്രതിഷേധം ശക്‌തമായിരുന്നു. പലയിടത്തും കർഷക സംഘടനകളുടെ പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു. ചിക്കമം​ഗളൂരിൽ പൂക്കൾ റോഡിൽ വിതറിയും കഴുതകളെ ഇറക്കിയും കർഷകരുടെ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ മുദ്രാവാക്യങ്ങളോടെ ആയിരുന്നു കർഷകരുടെ പ്രതിഷേധം.

ഭാരത് ബന്ദിനും കർഷകരുടെ സമരത്തിനും പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്ത് എത്തി. കർഷകരുടെ അഹിംസ സമരം അചഞ്ചലമായി തുടരുകയാണെന്നും എന്നാൽ ചൂഷകരായ സർക്കാരിന് സമരം തീർക്കാൻ താൽപ്പര്യമില്ലെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് ആർജെഡിയും ഇന്ന് സജീവമായി രം​ഗത്തിറങ്ങി.

Read Also: സൈനികന്റെ മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE