തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബിഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് തമിഴ്‌നാട് സർക്കാരിന് അനുമതി നൽകിയ ഉത്തരവ് കേരളം മരവിപ്പിച്ചു. ഉദ്യോഗസ്‌ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മരം മുറി ഉത്തരവിനെ കുറിച്ച് വാർത്തകൾ വന്നതോടെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വിവാദ ഉത്തരവിട്ട ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതായും വനം മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തിര റിപ്പോർട് തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഈ റിപ്പോർട് ലഭിക്കുന്നതിന് മുമ്പാണ് ഉത്തരവ് മരവിപ്പിക്കാൻ തീരുമാനിച്ചത്. ഉദ്യോഗസ്‌ഥ തലത്തിൽ യോഗം ചേർന്നാണ് മരം മുറിക്കുന്നതിനുള്ള ഉത്തരവിട്ടതെന്നാണ് തനിക്ക് അറിയാൻ സാധിച്ചതെന്നും അന്തർ സംസ്‌ഥാന പ്രശ്‌നമായ മുല്ലപ്പെരിയാരിൽ സർക്കാരിന്റെ നിലപാടല്ല ഉദ്യോഗസ്‌ഥർ എടുത്തതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്‌തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയ്യാറായത്. ബേബിഡാമിലെ 15 മരങ്ങൾ മുറിക്കാൻ പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് അനുമതി നൽകിയത് വെള്ളിയാഴ്‌ചയാണ്. ഉത്തരവിന്റെ പകർപ്പ് ജലവിഭവ വകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി.
വർഷങ്ങളായി നീറിപ്പുകയുന്ന അന്തർ സംസ്‌ഥാന നദീജല തർക്കത്തിൽ ഒരു ഉദ്യോഗസ്‌ഥന് മാത്രം എങ്ങിനെ തീരുമാനമെടുക്കാൻ കഴിയുമെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്‌റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്‌താവന ഇറക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ അറിഞ്ഞതെന്നാണ് മന്ത്രിമാർ നൽകിയ വിശദീകരണം.
Entertainment News: തിയേറ്ററിൽ ജനം എത്തുന്നില്ല; ‘മിഷൻ സി’ പിൻവലിക്കാൻ സംവിധായകന്റെ അഭ്യർഥന







































