അബുദാബി: അനിവാര്യമായ ജയം കളിച്ചു നേടി മുംബൈ ഇന്ത്യന്‍സ്. ആദ്യ കളിയില്‍ ചെന്നൈക്ക് മുന്‍പില്‍ മുട്ടുമടക്കിയ മുംബൈ ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കിയത് 49 റണ്‍സെന്ന ആധികാരിക റേറ്റിലായിരുന്നു. അല്ലങ്കിലും മുംബൈ ഇന്ത്യന്‍സ് എന്നും പരാജയത്തില്‍ നിന്നാണ് വിജയത്തിലേക്കുള്ള കുതിപ്പ് ആരംഭിക്കുക. ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.
ആദ്യം ബാറ്റു ചെയ്‌ത മുംബൈ ഇന്ത്യന്‍സ് 196 റണ്‍സാണ് നേടിയത്. അറിഞ്ഞു കളിച്ചാല്‍ കൊല്‍ക്കത്തക്ക് കീഴടക്കാന്‍ കഴിയുമായിരുന്ന ലക്ഷ്യമായിരുന്നു മുംബൈ നല്‍കിയത്. പക്ഷെ, 20 ഓവറില്‍ 146 റണ്‍സെടുത്ത് തോല്‍വി പറയാനേ കൊല്‍ക്കത്തക്ക് സാധിച്ചുള്ളു. രണ്ടു വിക്കറ്റ് വീതമെടുത്ത ബുംമ്രയും ബോള്‍ട്ടുമാണ് കൊല്‍ക്കത്തയെ വരിഞ്ഞുമുറുക്കിയത്. 30 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തികാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. 54 പന്ത് നേരിട്ട മുംബൈ നായകന്‍ രോഹിത് ശര്‍മ്മ 80 റണ്‍സാണ് നേടിയത്. മൂന്നു ബൌണ്ടറികളും ആറു സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്‌സ്.
ഇന്നത്തെ കളിയില്‍, ഐപിഎല്‍ ആരാധകരായ എല്ലാവരുടെയും ശ്രദ്ധ കൊല്‍ക്കത്തയുടെ അപകടകാരിയായ ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിലായിരുന്നു. പക്ഷെ, പാണ്ഡ്യയെ ഔട്ടാക്കിയത് ഒഴിച്ച് നിറുത്തിയാല്‍ ആന്ദ്രെ റസലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഹര്‍ദ്ദിക് പാണ്ഡ്യ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡോടെയാണ് ഇന്ന് ഔട്ടായത്. 13 പന്തില്‍ 18 റണ്‍സെന്ന നാണക്കേട്! ഈ നാണക്കേടിലേക്ക് പാണ്ഡ്യയെ നയിക്കാന്‍ സാധിച്ചതാണ് ആന്ദ്രെ റസലിയുടെ ഇന്നത്തെ ഇടപെടല്‍.
ആരാധകര്‍ പ്രതീക്ഷിച്ച പോലെ കഴിഞ്ഞ സീസണിലേതിന് സമാനമായ പ്രകടനം റസല്‍ പുറത്തെടുത്തിരുന്നു എങ്കില്‍ മുംബൈക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലായിരുന്നു. ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല. ഐപിഎല്‍ സീസണില്‍ മുംബൈയും കൊല്‍ക്കത്തയും ഇതുവരെ പരസ്‌പരം ഏറ്റുമുട്ടിയത് 26 തവണയാണ്. 20 തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു.
മലയാളി ആരാധകരുടെ പ്രതീക്ഷയായിരുന്ന സന്ദീപ് വാര്യര്‍. കൊല്‍ക്കത്തക്ക് വേണ്ടി ആദ്യ പന്തെറിഞ്ഞതും സന്ദീപായിരുന്നു. എന്നാല്‍ ആദ്യ മൂന്ന് ഓവറില്‍ 34 റണ്‍സില്‍ സന്ദീപ് വാര്യര്‍ വീണു. ഐപിഎല്ലിലെ മറ്റ് മലയാളി താരങ്ങളായ സഞ്ജുവും ദേവ്ദത്തും ഉയര്‍ന്ന തലത്തിലേക്ക് എത്താന്‍ സന്ദീപിന് കഴിയുമോ? കാത്തിരിക്കാം ആരാധകര്‍ക്ക്.
Related News: രോഹിത് കുമാര്‍; ബ്ലാസ്റ്റേഴ്സിന് ഒരു വെടിക്കെട്ട് താരം കൂടി