മുംബൈ: സമുദായ സ്‌പർധ സൃഷ്‌ടിക്കുന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസിൽ നടി കങ്കണ റണൗട്ടിനും സഹോദരി രംഗോലി ചന്ദേലിനും വീണ്ടും പൊലീസ് നോട്ടീസ്. ഇത് മൂന്നാം തവണയാണ് ഈ കേസിൽ രണ്ടുപേർക്കും മുംബൈ പൊലീസ് നോട്ടീസ് അയക്കുന്നത്. ഈ മാസം 23, 24 തീയതികളിൽ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
ഒക്‌ടോബർ 26,27 തീയതികളിലും, നവംബർ 9, 10 തീയതികളിലും പൊലീസിന് മുൻപാകെ ഹാജരാകണമെന്ന് നേരത്തെ ഇരുവർക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ രണ്ടുതവണയും ഇവർ ഹാജരായില്ല. സഹോദരന്റെ വിവാഹം സംബന്ധിച്ച് തിരക്കിലാണെന്നും നവംബർ 15നു ശേഷം ഹാജരാകാമെന്നുമായിരുന്നു ഇവർ അറിയിച്ചിരുന്നത്.
സമുദായങ്ങൾ തമ്മിൽ വിരോധം സൃഷ്‌ടിക്കുന്ന തരത്തിലുള്ള പോസ്‌റ്റുകൾ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്നാണ് രണ്ടുപേർക്കും എതിരെയുള്ള ആരോപണം. ബോളിവുഡ് കാസ്‌റ്റിംങ് ഡയറക്‌ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവ്വർ അലി സയ്യിദ് നൽകിയ പരാതിയിലാണ് കങ്കണക്കും സഹോദരിക്കും എതിരെ കേസെടുത്തത്.
Read also: പാക് തടവറയിൽ നിന്നും 8 വർഷത്തിനുശേഷം ശംസുദ്ദീൻ നാടണഞ്ഞു